കൊല്ലം : ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്താൻ ഡി വൈ എഫ് ഐ .ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങൾ അപലപനീയമാണ്.
ഇത്തരത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തയ്യാറാവണം – എന്നൊക്കെയാണ് ഡി വൈ എഫ് ഐ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത് .അതിന്റെ ഭാഗമായാണ് പ്രതിഷേധം നടത്തുന്നതും . ഇന്ന് രാവിലെ 10 ന് നടക്കുന്ന പ്രതിഷേധം ഡി വൈ എഫ് ഐ യുടെ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവാണ് ഉദ്ഘാടനം ചെയ്യുന്നത് .
അതേസമയം ന്യൂനപക്ഷ വേട്ട എന്നൊക്കെ പറയാൻ കുട്ടി സഖാക്കൾ പഠിച്ചെങ്കിലും കൊല്ലത്തെ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തുന്നതിന്റെ ഉദേശ്യം മനസിലാകുന്നില്ലെന്നാണ് ഡി വൈ എഫ് ഐ യുടെ പോസ്റ്റ് കണ്ട പലരും കുറിച്ചിരിക്കുന്നത്.
മുൻപ് ആമസോൺ കാട് കത്തുന്നതിന്റെ പേരിൽ അവധിദിവസം ബ്രസീൽ എംബസിയ്‌ക്ക് മുന്നിൽ സമരം നടത്തിയ ടീമല്ലേയെന്നാണ് ചിലർ ചോദിക്കുന്നത് . മാത്രമല്ല കാര്യമറിയാതെയാണ് ഇവർ പ്രതിഷേധിക്കുന്നതെന്നും ചിന്നക്കട പോസ്റ്റ് ഓഫീസ് കൊല്ലത്താണ് , ബംഗ്ലാദേശിൽ അല്ലെന്നും ചിലർ ഓർമ്മിപ്പിക്കുന്നുമുണ്ട്.
ഒപ്പം ന്യുനപക്ഷം എന്നത് ലോകം മുഴുവൻ ഒരു പ്രത്യേക മതക്കാർ ആണെന്നാണ് ഇവരുടെ ധാരണ എന്നും , അവിടെ അത് ഹിന്ദുക്കളാണെന്ന് ആരേലും പറഞ്ഞു കൊടുക്കണമെന്നും ചിലർ പറയുന്നു. എന്തായാലും ബിഎസ്എൻഎൽ ഓഫീസും പോസ്റ്റ് ഓഫീസ് വിട്ടൊരു പരിപാടി ഇവർക്കില്ലെന്നും കമന്റുകളുണ്ട്.















