ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പണവും അഴിമതിയും എവിടെയുണ്ടോ അവിടെ കോൺഗ്രസുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എംപി അഭിഷേക് മനു സിംഗ്‌വിയുടെ രാജ്യസഭാ ഇരിപ്പിടത്തിൽ നിന്നും പണം കണ്ടെത്തിയ സംഭവമെന്ന് ഷെഹ്‌സാദ് പൂനാവല്ല തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” കോൺഗ്രസ്, കാശ്, കറപ്ഷൻ (അഴിമതി) ഈ മൂന്ന് ‘സി’ കളും ഒരു ദിശയിൽ പ്രവർത്തിക്കുന്നതാണ്. അഴിമതി നടക്കുന്ന സ്ഥലങ്ങളിൽ കോൺഗ്രസിനെ കാണാം. കോൺഗ്രസ് നേതാക്കൾ അഴിമതിയും വെട്ടിപ്പും നടത്തുന്നവരാണെന്ന് തെളിയിക്കുന്നതാണ് എംപി അഭിഷേക് മനു സിംഗ്‌വിയുടെ സീറ്റിൽ നിന്നും പണം കണ്ടെത്തിയ സംഭവം. സത്യങ്ങൾ മറനീക്കി പുറത്തുവരികയാണ്.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.
മനു സിംഗ്‌വിയുടെ സീറ്റിൽ നിന്നും കണ്ടെത്തിയ പണവും അഴിമതിയിലൂടെ കോൺഗ്രസ് സമ്പാദിച്ച പണമായിരിക്കും. അതിനാലാണ് അവർ അന്വേഷണത്തെ ഭയക്കുന്നത്. സത്യം പുറത്തുവരുമെന്ന ഭയം കോൺഗ്രസിനുണ്ട്. എന്നാൽ അട്ടിമറി ശ്രമങ്ങൾ ഓരോന്നായി പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് അഭിഷേക് മനു സിംഗ്‌വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തിൽ നിന്നും പണം കണ്ടെത്തിയതായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ അറിയിച്ചത്. പതിവ് പരിശോധനകൾക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ പണം കണ്ടെത്തുകയായിരുന്നു. 500 രൂപയുടെ 100 നോട്ടുകൾ (50,000) രൂപയായിരുന്നു സീറ്റ് നമ്പർ 222 ൽ നിന്ന് കണ്ടെത്തിയത്.