പ്രതാപം വീണ്ടെടുത്ത ബിഎസ്എൻഎൽ കുതിപ്പിന്റെ പാതയിലാണ്. രാജ്യത്തെ 12 നഗരങ്ങളിൽ കൂടി 4ജി സേവനം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾക്ക് പുറമേ അഹമ്മദാബാദ്, അഗർത്തല, ചണ്ഡീഗഡ്, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ, റായ്പൂർ എന്നിവിടങ്ങളിലും 4ജി സേവനം ആരംഭിച്ചിട്ടുണ്ട്.
ഞൊടിയിടയിലാണ് ബിഎസ്എൻഎൽ 4ജി സേവനം വിപുലീകരിക്കുന്നത്. നിലവിൽ രാജ്യത്ത് 41,950-ലധികം 4ജി സൈറ്റുകൾ പ്രവർത്തനക്ഷമമാണ്. ശൃംഖല ശക്തിപ്പെടുത്തുന്നതിൽ ബിഎസ്എൻഎൽ അതിവേഗം മുന്നേറുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 700 MHz, 2100 MHz ബാൻഡുകളിലാണ് ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത്. തങ്ങളുടെ നെറ്റ്‌വർക്ക് മറ്റ് ടെലികോം കമ്പനികളുടെ നെറ്റ്‌വർക്കിന് തുല്യമായ വേഗതയാണ് നൽകുന്നതെന്ന് ബിഎസ്എൻഎൽ അവകാശപ്പെട്ടു.
മറ്റ് ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയപ്പോൾ നല്ല കാലം വന്നത് ബിഎസ്എൻഎല്ലിനായിരുന്നു. മോശം നെറ്റ്വർക്ക് എന്ന ദുഷ്പേര് മാറ്റാൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നതിന്റെ തെളിവാണ് 55 ലക്ഷം പേർ പോർട്ട് ചെയ്തത്. നാല് മാസത്തിനിടെ അഭൂതപൂർവമായ വളർച്ചയാണ് ബിഎസ്എൻഎൽ കൈവരിക്കുന്നത്.















