ധാക്ക: ബംഗ്ലാദേശിൽ (Bangladesh) ഹൈന്ദവ ആരാധാനാലയത്തിന് നേരെ വീണ്ടും ആക്രമണം. ധാക്കയിലെ ഇസ്കോൺ ക്ഷേത്രവും ഇസ്കോൺ കേന്ദ്രവും ഇസ്ലാമിസ്റ്റുകൾ തീവെച്ച് നശിപ്പിച്ചെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ആക്രമണം നടന്ന വിവരം ഇസ്കോൺ വക്താക്കൾ സ്ഥിരീകരിച്ചു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും മറ്റൊരു ഇസ്കോൺ കേന്ദ്രവും ക്ഷേത്രവും കൂടി അക്രമികൾ തകർത്തുവെന്നും കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ് പ്രസിഡൻ്റും വക്താവുമായ രാധാറാം ദാസ് പ്രതികരിച്ചു. ശനിയാഴ്ച പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയിലാണ് തീവെപ്പ് നടന്നത്.
ധാക്കയിലെ ഇസ്‌കോൺ (ISKCON – International Society for Krishna Consciousness) നാംഹട്ട കേന്ദ്രവും അവിടെയുണ്ടായിരുന്ന ക്ഷേത്രവുമാണ് ഇസ്ലാമിസ്റ്റുകൾ കത്തിച്ചത്. ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രം, ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായണ ക്ഷേത്രം എന്നിവ തകർക്കപ്പെട്ടു. ഇരുക്ഷേത്രങ്ങളും നാംഹട്ട കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്നതായിരുന്നു. ധാക്ക ജില്ലയിൽ തുരാഗ് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ധൂർ ഗ്രാമത്തിലാണ് ക്ഷേത്രങ്ങൾ സ്ഥിതിചെയ്തിരുന്നത്.
ന്യൂനപക്ഷങ്ങൾക്ക് നേരെയും ഹിന്ദു ആരാധനാലയങ്ങൾക്കും പുരോഹിതന്മാർക്കും നേരെയും ബംഗ്ലാദേശിൽ അതിക്രമം തുടരുന്ന സാഹചര്യത്തിൽ വിഷയം നേരിട്ട് വിലയിരുത്തുന്നതിനായി വിദേശകാര്യ സെക്രട്ടറിയെ ധാക്കയിലേക്ക് അയക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.