കണ്ണൂർ: മാടായി കോ- ഓപ്പറേറ്റീവ് കോളേജിലെ അദ്ധ്യാപക നിയമനത്തിൽ കോഴ വാങ്ങിയെന്നാരോപിച്ച് എംപി എം കെ രാഘവനെ വഴിതടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. സിപിഎം പ്രവർത്തകനായ ബന്ധുവിനെ കോളേജിൽ നിയമിക്കാനായി കോഴ വാങ്ങിയെന്നാരോപിച്ചായിരുന്നു എംപിയെ സ്വന്തം പാർട്ടിയിലെ പ്രവർത്തകർ വഴി തടഞ്ഞത്.
എം. കെ രാഘവൻ ചെയർമാനായ പയ്യന്നൂർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള മാടായി കോളേജിലാണ് സംഭവം. ബന്ധുവായ സിപിഎം പ്രവർത്തകനിൽ നിന്നും പണം വാങ്ങിയാണ് പിൻവാതിൽ നിയമനം നടക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കോളേജിലേക്ക് ഇന്റർവ്യൂ നിരീക്ഷിക്കാനെത്തിയ എംപിയെ കോൺഗ്രസ് പ്രവർത്തകർ തടയുകയും ചെയ്തു. തുടർന്ന് പൊലീസുകാരെത്തിയാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്.
എം കെ രാഘവന്റെ ഇരട്ടത്താപ്പ് ജനങ്ങൾ അറിയണമെന്നും പാർട്ടിയിലുള്ളവർ തന്നെ പാർട്ടിയുടെ ശവക്കുഴി തോണ്ടുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കോൺഗ്രസുകാരുടെ പ്രതിഷേധങ്ങൾ അവഗണിച്ചാണ് ബന്ധുവായ സിപിഎം പ്രവർത്തകനെ അദ്ധ്യാപകനായി നിയമിക്കാൻ രാഘവൻ ശ്രമിച്ചത്. ഇതിനെതിരെ മൂന്നൂറോളം കോൺഗ്രസ് പ്രവർത്തകർ ഒപ്പിട്ട പരാതി നേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസുകാർ പറഞ്ഞു.