പത്തനംതിട്ട: ഋഷികേശിലെ ഗംഗാനദിയില്‍ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹന്റെ (27) മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഋഷികേശ് എയിംസിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
നവംബർ 29നാണ് ആകാശിനെ കാണാതായത്. ഗുരുഗ്രാമിലെ ഗ്ലോബൽ അഷ്വറൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആകാശ് ഓഫിസിൽ നിന്നുള്ള സംഘത്തിനൊപ്പമാണ് ഉത്തരാഖണ്ഡിലെത്തിയത്. യാത്രയ്‌ക്കിടെ നദിയിൽ കുളിക്കാനിറങ്ങിയ ആകാശ് കാൽ വഴുതിവീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഉത്തരാഖണ്ഡ് പൊലീസിസും എസ്ഡിആര്‍എഫും തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി.
ഡൽഹി ഖാൻപുർ ദേവ്‌ലി വില്ലേജിൽ താമസിക്കുന്ന കെ.കെ. മോഹന്റെയും ശ്യാമളയുടെയും മകനാണ് ആകാശ്. ഡല്‍ഹി കേരളഹൗസ് റെസിഡന്റ് കമ്മീഷണറും നോര്‍ക്ക റൂട്ട്സും ഡെറാഡൂണ്‍ ജില്ലാ ഭരണകൂടവുമായും പ്രദേശത്തെ മലയാളിസംഘടനകളുടെ പ്രതിനിധികളുമായും ബന്ധപ്പെട്ടാണ് നടപടികള്‍ ഏകോപിപ്പിച്ചത്.