തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്‌ച കേരളത്തിലെത്തും. നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ പതിനാറാം ധനകാര്യ കമ്മീഷനാണ് കേരളത്തിലെത്തുന്നത്. റിപ്പോർട്ട് തയ്യാറാക്കുന്നതാനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് മൂന്നു ദിവസത്തെ കേരള സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് കൊച്ചിയിലെത്തുന്ന സംഘം കുമരകം പഞ്ചായത്ത് സന്ദർശനത്തിനായി പുറപ്പെടും. തിങ്കളാഴ്‌ച വൈകിട്ട് കമ്മീഷൻ ചെയർമാനും അംഗങ്ങളും കോവളത്ത് എത്തും. ചൊവ്വാഴ്‌ച രാവിലെ 9.30ന് കോവളം ലീലാ ഹോട്ടലിലെ യോഗ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും സ്വീകരിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ സ്വാഗതം പറയും. തുടർന്ന് മന്ത്രിസഭാംഗങ്ങളുമായി ചർച്ച നടത്തും.
ധനകാര്യ കമ്മീഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ മുൻകൂട്ടി ശക്തമായി അവതരിപ്പിക്കാനും, അർഹതപ്പെട്ട സാമ്പത്തികാവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കമ്മീഷന്റെ റിപ്പോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതം സംബന്ധിച്ച തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്. അഞ്ചുവർഷ കാലായളവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട ഭരണഘടനപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീർപ്പുകൾ നിശ്ചയിക്കുകയാണ് ധനകാര്യ കമ്മീഷന്റെ ചുമതല. 2026 ഏപ്രിൽ ഒന്നുമുതലാണ് കമ്മീഷന്റെ ശുപാർശ പ്രകാരമുള്ള ധനവിഹിതങ്ങൾ കേരളത്തിനും ലഭ്യമായി തുടങ്ങുക.















