ചെന്നൈ: ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെയും, ബാഹുബലിയുടെ നിർമാതാവ് ഷോബു യാർലഗദ്ദയുടെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഷോബുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നിർമാതാവ് സമൂഹമാദ്ധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകി. താൻ ആരോടും പണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സന്തോഷ് ശിവന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം അസിസ്റ്റന്റ് ഡയറ്കടറുമാരുടെ പേരിലാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. തമിഴ്, മലയാളം സിനിമാ മേഖലയിലുള്ളവരെയാണ് തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചത്. ഇതിനുപുറമെ സ്വകാര്യവിവരങ്ങൾ ചോർത്താനും തട്ടിപ്പ് സംഘം ശ്രമം നടത്തിയതായി സന്തോഷ് ശിവൻ പറഞ്ഞു. ഇത്തരം തട്ടിപ്പ് സംഘങ്ങളെ ശ്രദ്ധിക്കണമെന്നും തന്റെ പേരിൽ പണം ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങൾ തള്ളിക്കളയണമെന്നും സന്തോഷ് ശിവൻ മുന്നറിയിപ്പ് നൽകി.