ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം ഇനി ഭാരതത്തിൽ. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം 13,000 അടി ഉയരത്തിൽ നിർമിച്ച ന്യോമ എയർബേസ് പരീക്ഷണ പറക്കലിന് സജ്ജമായി. ഡിസംബറിൽ തന്നെ ആദ്യ വിമാനം പറന്നു ഉയരുമെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചന നൽകി.
അതിർത്തിയിലെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ വേണ്ടി രൂപകൽപ്പന ചെയ്ത മൂന്ന് കിലോമീറ്റർ റൺവേയാണ് എയർബേസിന്റെ പ്രധാന സവിശേഷത. ദുർഘടമായ വിദൂര, പർവത അതിർത്തി പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കം ഇത് ഏളുപ്പമാക്കും. പ്രവർത്തന സജ്ജമാകുന്നതോടെ സുഖോയ്, റഫേൽ തുടങ്ങിയ നൂതന യുദ്ധവിമാനങ്ങളും സി-130ജെ സൂപ്പർ ഹെർക്കുലീസ് പോലുള്ള ഹെവി-ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനങ്ങളും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർബേസായി ന്യോമ മാറും.
കിഴക്കൻ ലഡാക്കിലെ സുപ്രധാനമായ ന്യോമ ബെൽറ്റിലാണ് വ്യോമതാവളം പൂർത്തിയായത്. ഡെംചോക്ക്, ഡെപ്‌സാങ് എന്നീ രണ്ട് തർക്ക മേഖലകളിലും കരാർ പ്രകാരം ചൈന സേന പിൻമാറ്റം നടത്തിയ സാഹചര്യത്തിൽ എയർബേസ് പ്രവർത്ത സജ്ജമാക്കുന്നത് ഇന്ത്യയ്‌ക്ക് നേട്ടമാകും. കരാർ പ്രകാരം നടപടികൾ പൂർത്തിയായെങ്കിലും ചൈനയെ പൂർണ്ണമായും വിശ്വസത്തിൽ എടുക്കാൻ ഇന്ത്യ തയ്യാറല്ല. അതിർത്തിയിലെ ന്യോമയുടെ സാമീപ്യം അടിയന്തര ഘട്ടത്തിൽ ദ്രുതഗതിയിലുള്ള സേന വ്യന്യസത്തിന് ഇന്ത്യയ്‌ക്ക് കരുത്താകും.
2023 സെപ്തംബറിലാണ് എയർബേസിന്റെ നിർമ്മാണം ആരംഭിച്ചത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് (ബിആർഒ) പദ്ധതിക്ക് മേൽനോട്ടം വഹിച്ചത്. കിഴക്കൻ ലഡാക്കിലെ ന്യോമ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് മൂന്ന് വർഷമായി സൈന്യം ഉപയോഗിക്കുന്നുണ്ട് . ചൈനയുമായുള്ള സംഘർഷത്തിനിടയിൽ, സൈനിക – ചരക്ക് നീക്കവും ഇവിടം കേന്ദ്രീകരിച്ചായിരുന്നു.