തരിണിയോടൊപ്പം പുതിയ യാത്ര ആരംഭിക്കുകയാണെന്ന് കാളിദാസ് ജയറാം. എല്ലാവരും തങ്ങളുടെ വിവാഹത്തിൽ പങ്കെടുത്ത്, തങ്ങളെ അനുഗ്രഹിച്ചതിൽ ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്നും കാളിദാസ് പറഞ്ഞു. വിവാഹത്തിന് ശേഷം തരിണിയോടൊപ്പം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു കാളിദാസ്.
വിവാഹത്തിന് മുമ്പ് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ കയറിയ ശേഷം അതൊക്കെ മാറി. ജീവിതത്തിലെ പുതിയ യാത്ര തുടങ്ങുകയാണ്. മൂന്ന് വർഷമായിട്ട് തരിണി എന്നോടൊപ്പമുണ്ട്. എല്ലാവരും നേരിട്ടെത്തി ഞങ്ങളെ അനുഗ്രഹിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. ഞങ്ങളുടെ വിവാഹവും തിരക്കും കാരണം ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇന്നലെയൊക്കെ ഭയങ്കര ടെൻഷനുണ്ടായിരുന്നു. ഗുരുവായൂരമ്പലം കയറിയതിന് ശേഷം മനസ് ശാന്തമായിയെന്നും കാളിദാസ് പറഞ്ഞു.
‘തങ്കം എനിക്ക് സ്വന്തമായി’ എന്നാണ് വിവാഹത്തിന് ശേഷം തരിണി മാദ്ധ്യമങ്ങളോട് പറഞ്ഞത്. എല്ലാവരും വന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും എത്രത്തോളും സന്തോഷമുണ്ടെന്ന് വാക്കുകൾ കൊണ്ട് പറയാനാകില്ലെന്നും തരിണി പറഞ്ഞു.
ഗുരുവായൂരമ്പല നടയിൽ രാവിലെ 7.15 നും 8-നുമിടയിലെ മുഹൂർത്തത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കാളിദാസും തരിണിയും വിവാഹിതരായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജയസൂര്യ തുടങ്ങി സിനിമാ മേഖലയിൽ നിന്നും നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു.















