ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ക്ഷേത്ര ഭരണസമിതിക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംഭാവനയായി ലഭിച്ചത് 113 കോടി രൂപ. ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദനാണ്
നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2021-22 മുതൽ 2023-24 വരെ ക്ഷേത്രത്തിന്റെ ഭണ്ഡാര വരവ് 40.61 കോടി രൂപയാണ്. ബാങ്ക് അക്കൗണ്ടുകൾ വഴി 59.79 കോടി രൂപയും മറ്റ് സ്രോതസ്സുകൾ വഴി 12.60 കോടി രൂപയും ലഭിച്ചതായി ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ ഹരിചന്ദൻ പറഞ്ഞു. 2022-23ൽ ഏറ്റവും കൂടുതൽ സംഭാവനയായ 50.80 കോടിയും 2023-24ൽ 44.90 കോടിയും 2021-22ൽ 17.31 കോടിയും സംഭാവനയായി ലഭിച്ചു.
അതേസമയം ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ അറ്റകുറ്റപ്പണികൾ ഡിസംബർ 16ന് ആരംഭിക്കും. ആർക്കിയോളജിക്കൽ സർവ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണം നടത്തുന്നത്. പുറംഭിത്തി ബലപ്പെടുത്തിയ ശേഷമാണ് ആന്തരിക ഘടനയുടെ അറ്റകുറ്റപ്പണി നടക്കുക. രത്നഭണ്ഡാരത്തിലെ അമൂല്യ വസ്തുക്കൾ നിലവിൽ താത്കാലിക സ്ട്രോങ് റൂമിലേക്ക് മാറ്റിയിക്കുകയാണ്.















