മുംബൈ: പൊതുജനങ്ങളുമായുള്ള ഫലപ്രദമായ ആശയവിനിമയത്തിനായി പോഡ്കാസ്റ്റ് സംവിധാനം ആരംഭിക്കാൻ റിസർവ്ബാങ്ക്. സുതാര്യത വർദ്ധിപ്പിക്കുന്നതിനും ജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. യുവാക്കൾക്കിടയിൽ കൂടുതൽ പ്രചാരമുള്ള ടൂൾ എന്ന നിലയിലാണ് പോഡ്കാസ്റ്റ് ഇതിനായി തെരഞ്ഞെടുത്തതെന്ന് റിസർബാങ്ക് ഗവർണർ ശാക്തീകാന്ത ദാസ് പറഞ്ഞു.
ഒരു സെൻട്രൽ ബാങ്ക് എന്ന നിലയിൽ ആർബിഐ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പൊതുജന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുകയാണ്. സമൂഹത്തിന്റെ വിശാലമായ വിഭാഗങ്ങൾക്കിടയിൽ കാര്യങ്ങൾ ലളിതമായി വിശദീകരിക്കാൻ പോഡ്കാസ്റ്റുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോധവൽക്കരണ സന്ദേശങ്ങൾ അടക്കം പ്രധാനപ്പെട്ട വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
അതേസമയം, നിഷ്പക്ഷ പണനയത്തിന്റെ ഭാഗമായി ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായി 11-ാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനമായി മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു. 2024-25 ലെ ജിഡിപി പ്രവചനം നേരത്തെ 7.2 ശതമാനമായി നിശ്ചയിച്ചിരുന്നത് ആർബിഐ 6.6 ശതമാനമായി പുതുക്കി. സിആർ ആർ 4.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി 50 ബേസിസ് പോയിന്റ് കുറച്ചതായും ആർബിഐ ഗവർണർ അറിയിച്ചു.















