ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പുഷ്പ-2. എന്നാൽ തിയേറ്ററിലെത്തിയത് മുതൽ സമ്മിശ്ര പ്രതികരണം നേടിയാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചും തൃപ്തികരമല്ലാത്ത രീതിയിലാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്. ഇതിനിടെ, ഒരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
പുഷ്പ തനിക്ക് പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ഉണ്ടാക്കി തന്നിട്ടില്ലെന്നും സംവിധായകൻ സുകുമാറിനോടുള്ള സ്നേഹം കൊണ്ടാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും ഫഹദ് ഫാസിൽ പറഞ്ഞു. “സുകു സാറിന് പുഷ്പ -2 ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിലെ സീനിനെ കുറിച്ചാണ് അദ്ദേഹം ആദ്യം എന്നോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനിലെ സീന് കഴിഞ്ഞ് ഇന്റർവെൽ, പിന്നെ എന്റെ സീനുകൾ വരുന്ന രീതിയിലായിരുന്നു കഥ. ഇതാണ് പിന്നീട് രണ്ട് ഭാഗമാക്കി ചെയ്യാമെന്ന് തീരുമാനിച്ചത്”.
“പുഷ്പ എനിക്ക് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കി തന്നിട്ടില്ല. എനിക്ക് ഒന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല. ആരെയും മോശമാക്കി പറയുന്നതല്ല. സത്യസന്ധമായാണ് പറയുന്നത്. ചെയ്ത വർക്കിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ആളുകൾ പുഷ്പയിൽ ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സുകു സാറിനൊപ്പം സിനിമ ചെയ്യാനുള്ള താത്പര്യം കൊണ്ടും സ്നേഹം കൊണ്ടും മാത്രം ചെയ്ത സിനിമയാണിതെന്നും” ഫഹദ് ഫാസിൽ പറയുന്നു.
മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമായിരുന്നു പുഷ്പ-2. ആദ്യ ഭാഗത്തിലെ ഫഹദ് ഫാസിലിന്റെ വില്ലൻ വേഷം പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. എന്നാൽ അതിനേക്കാൾ മികച്ചത് പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു രണ്ടാം ഭാഗത്തിലെ ഫഹദിന്റെ പ്രകടനം.
പുഷ്പ-2 മറ്റ് സംസ്ഥാനങ്ങളിൽ മികച്ച കളക്ഷൻ നേടി കുതിക്കുകയാണെങ്കിലും കേരളത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്.