ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആന്റി ഡ്രോൺ സംവിധാനമായ ‘ഡ്രോണാ’മിന്റെ സഹായത്തോടെ പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തി കടന്നെത്തുന്ന 55 ശതമാനം ഡ്രോണുകളും നിർവീര്യമാക്കാൻ അതിർത്തി രക്ഷാ സേനയ്‌ക്ക് (ബിഎസ്എഫ്) കഴിഞ്ഞതായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ തദ്ദേശീയ കൗണ്ടർ അൺമാൻഡ് ഏരിയൽ സംവിധാനമാണ് ‘ഡ്രോണാം’.
“ഡ്രോണുകൾ തകർക്കാനുള്ള പുതിയ സംവിധാനം വിജയകരമാണ്. ഇന്ത്യ- പാകിസ്താൻ അതിർത്തികളിൽ, പ്രത്യേകിച്ച് പഞ്ചാബിലെ അതിർത്തികളിൽ ഡ്രോൺ നിർവീര്യമാക്കുകയും കണ്ടെത്തുകയും ചെയ്യുന്നത് 3 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു,” അമിത് ഷാ പറഞ്ഞു. ഡ്രോണുകളുടെ ഭീഷണി വരും ദിവസങ്ങളിൽ ഗുരുതരമാകുമെന്നതിനാൽ അതിർത്തികൾ സുരക്ഷിതമാക്കാൻ സമഗ്രമായ ആൻ്റി-ഡ്രോൺ യൂണിറ്റ് സൃഷ്ടിക്കാൻ പ്രതിരോധ, ഗവേഷണ സംഘടനകളും ഡിആർഡിഒയും ചേർന്ന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുത്വ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ‘ഡ്രോണാം’, നിയമവിരുദ്ധമായ ആളില്ലാ വ്യോമ സംവിധാനങ്ങൾക്കെതിരെ (യുഎഎസ്) ഫൂൾ പ്രൂഫ് സംരക്ഷണം നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു അത്യാധുനിക മോഡുലാർ കൗണ്ടർ അൺമാൻഡ് ഏരിയൽ സംവിധാനം (C-യുഎസ്) ആണ്. ഇത് സംയോജിത റൈഫിൾ രീതിയിലുള്ള ഉപകരണമായോ ബാക്ക്പാക്ക് രീതിയിൽ കൊണ്ടുനടക്കാവുന്ന കൗണ്ടർ മെഷറായോ ഉപയോഗിക്കാം. ഒരു നിശ്ചിത പ്രദേശത്ത് സ്ഥാപിച്ചും ഇവ പ്രവർത്തന സജ്ജമാക്കാം. സംവിധാനത്തിലെ ലേസർ കിരണങ്ങളുടെ സഹായത്തോടെയാണ് ഡ്രോണുകൾ കണ്ടെത്തി നിർവീര്യമാക്കുന്നത്.















