അമൃത്സർ: ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 11 വരെയാണ് പ്രതി നരേൻ സിംഗ് ചൗരയുടെ കസ്റ്റഡി കാലാവധി നീട്ടിയത്. മുന്ന് ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കനത്ത സുരക്ഷയോടെയാണ് നരേൻ സിംഗിനെ കോടതിയിലെത്തിച്ചത്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും വിശദമായ അന്വേഷണത്തിനുമായി പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് ദിവസത്തേക്ക് മാത്രം പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. സുഖ്ബീർ സിംഗ് ബാദലിനെ വധിക്കാൻ ശ്രമിച്ചതിന് കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വച്ചാണ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമമുണ്ടായത്. ക്ഷേത്രത്തിന്റെ കവാടത്തിൽ വച്ച് മദ്ധ്യവയസ്കനായ അക്രമി അകാലിദൾ നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ക്ഷേത്രം ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് സുഖ്ബീർ സിംഗിനെ രക്ഷിച്ച്, പ്രതിയെ പിടികൂടിയത്.
മതപരമായ ശിക്ഷയുടെ ഭാഗമായി ക്ഷേത്ര കവാടത്തിന് പുറത്ത് കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു സുഖ്ബീർ ബാദൽ. ഈ അവസരം മുതലെടുത്തായിരുന്നു ആക്രമണം.















