ആസിഫ് അലിയും അനശ്വര രാജനും ഒന്നിക്കുന്ന രേഖാചിത്രം എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആസിഫ് അലിയുടെ ഫെയ്സ്ബുക്കിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ഒരു കേസന്വേഷണത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സസ്പെൻസ് ത്രില്ലർ സിനിമയാണ് രേഖാചിത്രം.
ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ അനശ്വരയുടെയും അടുത്തിടെ മലയാള സിനിമയ്‌ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച ആസിഫിന്റെയും പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. ദി പ്രീസ്റ്റ്, 2018, മാളികപ്പുറം, ആനന്ദ് ശ്രീബാല എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യം ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്.