അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ശ്രദ്ധേയമായി അമിതാഭ് ബച്ചന്റെ പോസ്റ്റ്. ഈ ലോകത്ത് വിഡ്ഢികൾക്ക് ഒരു കുറവുമില്ലെന്നും സ്വന്തം രീതിയിൽ ഓരോന്ന് മെനഞ്ഞ് അത് പ്രചരിപ്പിക്കുന്നതാണ് അവരുടെ ജോലിയെന്നും അമിതാഭ് ബച്ചൻ എക്സിൽ പറയുന്നു.
‘ഈ ലോകത്ത് വിഡ്ഢികൾക്ക് യാതൊരു ക്ഷാമവുമില്ല. സ്വന്തം മോശം പ്രവൃത്തികൾ മറച്ചുപിടിച്ച്, ഓരോ ദിവസും അവർ മറ്റുള്ളവരെ കുറിച്ച് ഇല്ലാത്തതും വസ്തുതാവിരുദ്ധവുമായ വാർത്തകൾ പടച്ചുവിടുന്നു’- എന്ന് അമിതാഭ് ബച്ചൻ കുറിച്ചു.
പോസ്റ്റിന് പിന്നാലെ കാരണം അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടത്. അഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ നേരത്തെയും അമിതാഭ് ബച്ചൻ വിമർശനം ഉന്നയിച്ചിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസം ഐശ്വര്യയും അഭിഷേകും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഒരു വിവാഹാഘോഷത്തിലാണ് ദമ്പതികൾ ഒരുമിച്ചെത്തിയത്. എന്നാൽ അപ്പോഴും ഇതൊരു നാടകമെന്നായിരുന്നു ചിലരുടെ വിമർശനം.