തിരുവനന്തപുരം; വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് മറുപടിയുമായി ടെലിവിഷൻ താരവും നർത്തകിയുമായ സ്നേഹ ശ്രീകുമാർ. സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന് നൃത്താവിഷ്കാരം ഒരുക്കാൻ സിനിമാ നടി 5 ലക്ഷം രൂപ ചോദിച്ചതിനെതിരെ മന്ത്രി രംഗത്ത് വന്നിരുന്നു. നൃത്താവിഷ്കാരം ഒരുക്കാൻ സിനിമാനടി തന്നെ വേണമെന്ന് എന്താ നിർബന്ധം. യുവജനോത്സവം വഴി വന്ന് നൃത്തത്തിൽ കഴിവ് തെളിയിച്ചർ ധാരാളമുണ്ട്. എന്തുകൊണ്ടാണ് അവരെയൊന്നും വേണ്ടാത്തതെന്ന് സ്നേഹ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
” സിനിമനടി തന്നെ വേണമെന്ന് എന്താ നിർബന്ധം? നൃത്തകലയിൽ പ്രഗത്ഭരായ എത്രയോ കലാകാരികൾ ഉണ്ട്? യുവജനോത്സവം വഴി തന്നെ വന്നു നൃത്തത്തിൽ മുഴുവൻ സമയം നിന്ന് തെളിയിച്ചവർ ഉണ്ടല്ലോ?? അവരെയൊന്നും വേണ്ടാത്തത് എന്താണ്?? കേരളത്തിലെ നർത്തകർക്കു അവസരങ്ങൾ കൊടുത്തു, മോശമില്ലാത്ത ശമ്പളം അവർക്കു കൊടുക്കാൻ സർക്കാർ തീരുമാനിക്കണം പിന്നെ ഓരോരുത്തരുടെയും പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം എല്ലാ കലാകാരൻമാർക്കും ഉണ്ട്” – സ്നേഹ പറഞ്ഞു.
ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാഗതഗാനത്തിന് നൃത്താവിഷ്കാരം ഒരുക്കാൻ സിനിമാ നടിയെ സമീപിച്ചെന്നും, 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ അവർ പ്രതിഫലം ആവശ്യപ്പെട്ടെന്നുമാണ് വി. ശിവൻകുട്ടി കുറ്റപ്പെടുത്തിയത്. വന്ന വഴി മറക്കരുതെന്നും കുറച്ചു സിനിമയും കാശും ആയപ്പോൾ അഹങ്കാരമായെന്നും മന്ത്രി പറഞ്ഞിരുന്നു. പേര് വെളിപ്പെടുത്താതെയായിരുന്നു പരാമർശം. പിന്നാലെ നടിയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് നടൻ സുധീർ കരമനയ്‌ക്ക്. എന്നാൽ നടി പ്രതിഫലം ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്ന് പ്രശസ്ത നർത്തകി നീന കുറുപ്പ് പ്രതികരിച്ചു.















