ധാക്ക: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിൽ. ധാക്കയിലെത്തിയെ അദ്ദേഹം ബംഗ്ലാദേശിലെ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദിനുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കുമെതിരായ സംഘർഷങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.
ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയും വിക്രം മിസ്രിക്കൊപ്പമുണ്ടായിരുന്നു. ഇരുരാജ്യങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ഉഭയക്ഷി ബന്ധം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ നടത്തി. ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈനായും വിക്രം മിസ്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ വിക്രം മിസ്രി ആശങ്ക അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുരോഹിതൻ ചിന്മയ് കൃഷ്ണദാസിന്റെ വിചാരണ സംബന്ധിച്ചും ചർച്ചകൾ നടന്നതായാണ് വിവരം.
സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഷെയ്ഖ് ഹസീന രാജിവയ്‌ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദർശിക്കുന്ന മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് വിക്രം മിസ്രി. അതേസമയം ബംഗ്ലാദേശിൽ സംഘർഷം തുടരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം വടക്കൻ ധാക്കയിലെ മഹാഭാഗ്യ ലക്ഷ്മിനാരായണ ക്ഷേത്രത്തിലേക്ക് ഇരച്ചെത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾ മന്ദിരത്തിന് തീയിട്ടിരുന്നു.















