ചെന്നൈ: തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തൃക്കാർത്തിക ദിനത്തിൽ മഹാദീപം ദർശിക്കാൻ തിരുവണ്ണാമലകയറുന്നതിന് ഭക്തർക്ക് വിലക്കേർപ്പെടുത്തി. മഹാദീപം ചടങ്ങിനിടെ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ഈ വർഷം മലകയറുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അധികൃതർ നിർദ്ദേശം നൽകി.
ഫെംഗൽ ചുഴലിക്കാറ്റിനിടെ പെയ്ത കനത്ത മഴയെ തുടർന്ന് രണ്ടാഴ്ച മുമ്പ് തിരുവണ്ണാമലയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ കുട്ടികളടക്കം ഏഴിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർന്ന്, തിരുവണ്ണാമല പർവതമുൾപ്പെടെ പല മേഖലകളിലും തീവ്രത കുറഞ്ഞ ധാരാളം ഉരുൾപൊട്ടലുകൾ ഉണ്ടായി.തിരുവണ്ണാമല പർവതത്തിന് താഴെയുള്ള പ്രദേശമാണ് ഉരുൾപൊട്ടലുണ്ടായ വിഒസി നഗർ പ്രദേശം.
എല്ലാ വർഷവും 2500-ലധികം ഭക്തരെ കാർത്തിക മഹാദീപ ദർശനത്തിനായി മലയിൽ കയറാൻ അനുവദിക്കാറുണ്ട് . ഈ വർഷവും ഭക്തരെ പ്രവേശിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ഈ മേഖലയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് വനപാലകർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് തീരുമാനം പിൻവലിച്ചു.
കനത്ത മഴയെത്തുടർന്ന് മലനിരകളിൽ ഈർപ്പം ഉണ്ടെന്നും കുന്നിന്റെ 900 ഹെക്ടറോളം സ്ഥലത്ത് ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നും ഇത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
കാർത്തിക മഹാദീപം തെളിക്കുന്ന പൂജാരിമാരെ നെയ്യ്, അതിനാവശ്യമായ തുണി, കർപ്പൂരം തുടങ്ങി വിളക്ക് കത്തിക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും സഹിതം മലകയറാൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഈ വർഷം പൊതുജനങ്ങളെ മലകയറാൻ അനുവദിക്കില്ല.















