കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലം കൈപ്പറ്റിയില്ലെന്ന് നടി ആശ ശരത്. ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ല, ദുബായിൽ നിന്നെത്തിയതും സ്വന്തം ചെലവിലാണെന്നും ആശാ ശരത്ത് പറഞ്ഞു.
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മന്ത്രി ശിവൻകുട്ടിയുടെ ആരോപണം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ആശ ശരതിന്റെ വെളിപ്പെടുത്തൽ .
‘ പ്രതിഫലം ചോദിച്ചതാരെന്നോ എന്താണ് സംഭവിച്ചതെന്നോ എനിക്കറിയില്ല. പ്രതിഫലം വാങ്ങിക്കുക എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യവും കാഴ്ചപ്പാടുമാണ്.
കഴിഞ്ഞ തവണ കുട്ടികളുടെ കൂടെ റിഹേഴ്സൽ നടത്തി പെർഫോം ചെയ്തിരുന്നു. ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെ ദുബായിൽ നിന്നും സ്വയം ടിക്കറ്റെടുത്ത് ആണ് അന്ന് വന്നത് . ഏറെ സന്തോഷത്തോടെയായിരുന്നു അന്ന് ഞാൻ അവിടെ എത്തിയതും. ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയുമായിരുന്നു സ്കൂൾ കലോത്സവത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചത്.
പണം വേണ്ട എന്നത് ഞാൻ തന്നെ തീരുമാനിച്ചതായിരുന്നു. എന്തെങ്കിലും ഡിമാൻഡ്സ് ഉണ്ടോ എന്ന് അവർ ചോദിച്ചപ്പോൾ ഒന്നുമില്ല, ഞാൻ സ്വയം വന്നു ചെയ്യാം എന്നത് ഞാൻ മുന്നോട്ടുവച്ച കാര്യമായിരുന്നു. കലോത്സവങ്ങളല്ലാതെ സർക്കാരിന്റെ മറ്റ് പരിപാടികളിൽ പെർഫോം ചെയ്യുമ്പോൾ കലാകാരന്മാർക്ക് കൃത്യമായ വേതനം തന്ന് തന്നെയാണ് അവർ ക്ഷണിക്കുന്നത്. – എന്നും ആശ ശരത് പറഞ്ഞു.















