കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ വാർഡനെതിരെ കേസെടുക്കാതെ പൊലീസ്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ മാനേജ്‌മെന്റും വാർഡനുമാണെന്ന ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. സംഭവത്തിന് ശേഷവും ഹോസ്റ്റൽ വാർഡനെ മാറ്റാൻ മാനേജ്‌മെന്റോ സംഭവത്തിൽ കേസെടുക്കാൻ പൊലീസോ തയ്യാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഇതേത്തുടർന്ന് മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തി. പൊലീസുമായുള്ള ഉന്തും തള്ളിലും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വാർഡനെ മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ആശുപത്രിയിൽ പ്രവേശിക്കാനോ പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നതിനോ മാനേജ്‌മെന്റ് തയ്യാറാവുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ആശുപത്രി അധികൃതർ വിദ്യാർത്ഥികളുമായി ഇന്ന് വൈകീട്ട് ചർച്ച നടത്തും.
ഇന്നലെയാണ് മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ചൈതന്യ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ചൈതന്യ.
ഹോസ്റ്റലിൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ നിസാര കാര്യങ്ങൾക്ക് പോലും വിദ്യാർത്ഥികളെ ഹോസ്റ്റൽ വാർഡൻ ഉപദ്രവിക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. വാർഡനുമായുള്ള തർക്കത്തെ തുടർന്നാണ് ചൈതന്യ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.















