ലഖ്‌നൗ :പാക്കിസ്താന്റെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ ഉടമസ്ഥതയിൽ മുസാഫർനഗറിൽ ഉണ്ടായിരുന്ന ഭൂമി ശത്രു സ്വത്തായി പ്രഖ്യാപിച്ചു . മുസാഫർനഗർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു കെട്ടിടവും നാല് കടകളുമാണ് ‘ശത്രു സ്വത്തായി’ പ്രഖ്യാപിച്ചത്.
ഈ വസ്തു പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെയും സഹോദരൻ നവാബ് സജ്ജാദ് അലി ഖാന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ തീരുമാനം.
1918-ൽ ലിയാഖത്ത് അലി ഖാന്റെ പിതാവ് റുസ്തം അലി ഖാൻ ഈ സ്വത്ത് കൈവശപ്പെടുത്തിയതു മുതലാണ് ഭൂമി സംബന്ധിച്ച തർക്കം ആരംഭിച്ചത്. ഇത് അദ്ദേഹം തന്റെ മക്കൾക്ക് കൈമാറി. 1947-ലെ വിഭജനത്തിനുശേഷം, ലിയാഖത്ത് അലി ഖാൻ പാകിസ്താനിലേക്ക് കുടിയേറി, അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഇന്ത്യൻ സ്വത്തുക്കൾ ഇന്ത്യൻ നിയമപ്രകാരം ‘ശത്രു സ്വത്ത്’ ആയി മാറും.
ഡൽഹിയിലെ എനിമി പ്രോപ്പർട്ടി ഓഫീസിൽ നിന്നുള്ള സംഘം സർവേയും അന്വേഷണവും നടത്തിയതായി മുനിസിപ്പൽ മജിസ്‌ട്രേറ്റ് വികാസ് കശ്യപ് പറഞ്ഞു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷം സ്വത്തുക്കൾ ശത്രുസ്വത്തായി പ്രഖ്യാപിച്ചു.
രാഷ്‌ട്രീയ ഹിന്ദു ശക്തി സംഘടനയുടെ കൺവീനർ സഞ്ജയ് അറോറ 2023-ൽ നൽകിയ പരാതിയിലാണ് തർക്കഭൂമിയിലെ കെട്ടിടവും കടകളും ഇപ്പോൾ ശത്രു സ്വത്തായി പ്രഖ്യാപിച്ചത്.















