മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹമുണ്ടായിരുന്നെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പക്ഷെ അത് നടക്കാതെ പോയതിന് കാരണക്കാരൻ അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്.
‘ ഞാനിവിടെ വെളിപ്പെടുത്തുന്ന കാര്യം ചിലർക്ക് വിശ്വാസ്യയോഗ്യമായി തോന്നില്ല . എന്നാൽ സത്യത്തെ സ്വർണ പാത്രം ഉപയോഗിച്ച് മൂടിവച്ചാലും ഒരുനാൾ മറനീക്കി പുറത്തുവരുമെന്ന് തീർച്ചയാണ്. അതൊരു പ്രകൃതി നിയമമാണ്.
പിണറായിക്ക് മമ്മൂട്ടിയോട് പ്രത്യേക സ്നേഹമുണ്ട് . മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രിയ്‌ക്ക് തീരുമാനം ഉണ്ടായിരുന്നു. മമ്മൂട്ടി കൂടുതൽ വിശ്വസിക്കുകയും സ്‌നേഹിക്കുകയും എല്ലാ കാര്യങ്ങളും തുറന്നുപറയുകയും ചെയ്യുന്ന ചുരുക്കം ചില സ്‌നേഹിതന്മാർ പാർട്ടിക്കുള്ളിലുണ്ട്. ഒരിക്കൽ മമ്മൂട്ടിയുടെ വിശ്വസ്തനായ സ്‌നേഹിതൻ മുഖ്യമന്ത്രിയുടെ ചേംബറിലിരിക്കുന്നു.
അന്നത്തെ ഒരു പ്രധാന വിഷയം സംസാരിക്കാൻ മമ്മൂട്ടിയെ ഫോൺ ചെയ്യുന്നു. പക്ഷെ മമ്മൂട്ടി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. സ്‌നേഹിതൻ ഫോൺ സംഭാഷണം സ്‌പീക്കറിൽ ആക്കുന്നു. മമ്മൂട്ടി ഇതൊന്നുമറിയാതെ മുഖ്യമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. നേരിട്ട് കേൾക്കുന്ന മുഖ്യമന്ത്രിയുടെ മുഖത്ത് വലിയൊരു മാറ്റമുണ്ടായി. അതുകേട്ട് മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനായി.
മമ്മൂട്ടിയുടെ സംസാരം കേട്ട പിണറായി പിന്നെ ഒന്നും മിണ്ടിയില്ല. ആ സ്‌നേഹിതൻ സന്തോഷത്തിൽ മടങ്ങിപ്പോയി. പിന്നീട് ഈ വിവരം മമ്മൂട്ടി അറിഞ്ഞു. താൻ വിശ്വസിച്ച സ്‌നേഹിതൻ തന്നെ ചതിച്ചുവെന്ന് മനസിലായി. അങ്ങനെ മമ്മൂട്ടി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താൻ അങ്ങനെ സംസാരിക്കാനുള്ള കാരണം വിശദീകരിച്ചു. അങ്ങനെ ആ പ്രശ്നം പരിഹരിച്ചു .’- ആലപ്പി അഷ്റഫ് പറഞ്ഞു.