കൊടുങ്ങല്ലൂർ: മൂന്നര പതിറ്റാണ്ട് മുമ്പ് ഇസ്ലാമികാചാരപ്രകാരം വിവാഹിതരായ ദമ്പതികൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നാളെ വീണ്ടും വിവാഹിതരാകും.
ഫോറം ഫോർ ജെന്റർ ഇക്വാലിറ്റി എമങ് മുസ്ലിംസ് സംസ്ഥാന കൺവീനർ നെജുവും ഭർത്താവ് ഇസ്മയിലുമാണ് ഈ ദമ്പതികൾ. ശരിഅത്ത് നിയമത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് 36-ാം വിവാഹവാർഷികവേളയിൽ ഇത്തരം ഒരു തീരുമാനമെടുത്തത്. കൊടുങ്ങല്ലൂർ രജിസ്ട്രാർ ഓഫീസിലാണ് വിവാഹ രജിസ്റ്റട്രേഷൻ.
ഉപ്പയും ഉമ്മയും മക്കളും കൊച്ചുമക്കളും ചടങ്ങിന് സാക്ഷികളാകും. മനുഷ്യാവകാശദിനമായതിനാലാണ് ചൊവ്വാഴ്ച വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. ബ്രിട്ടീഷുകാർ 1937-ൽ ഉണ്ടാക്കിയ ഇന്ത്യൻ ശരിഅത്ത് ആക്ടിലെ നിയമങ്ങൾ അധികവും ഖുർആനിന് വിരുദ്ധമാണെന്നും മാനവികതയ്‌ക്കും നീതിക്കും നിരക്കാത്തതാണെന്നും അത് പൊതുസമൂഹത്തിൽ ചർച്ചയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെജുവും ഇസ്മയിലും പറയുന്നു. ഡോ. ഖദീജ മുംതാസും ചടങ്ങിൽ സംബന്ധിക്കും.















