മഞ്ഞുകാലമായാൽ പിന്നെ പലരും നേരിടുന്ന പ്രശ്നമാണ് മൊരി അല്ലെങ്കിൽ മൊരിച്ചിൽ. വരണ്ട ചർമമുള്ളവരിലും അല്ലാത്തവരിലും ഈ പ്രശ്നം കണ്ടുവരുന്നു. ചർമ രോഗാവസ്ഥയാണ് മൊരിച്ചിൽ. കാലിലും കൈയ്യിലും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത്തരത്തിൽ മൊരിച്ചിലുണ്ടാകാറുണ്ട്.
കാലാവസ്ഥയും വരണ്ട ചർമവും മാത്രമല്ല ഈ അവസ്ഥയ്‌ക്ക് കാരണം. ദീർഘനേരം കുളിക്കുന്നതും അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതുമൊക്കെ ചർമം വരണ്ടതാക്കാൻ കാരണമാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ അവസ്ഥയെ ചെറുക്കാവുന്നതാണ്. പത കുറഞ്ഞ സോപ്പ് കുളിക്കാൻ ഉപയോഗിക്കുന്നത് മൊരിയെ തടയാൻ സാധിക്കും. ശരീരത്തിൽ നിന്ന് ഗണ്യമായ അളവിൽ എണ്ണ മയം കുറയ്‌ക്കാൻ പതയുള്ള സോപ്പ് കാരണമാകും. വീര്യം കുറഞ്ഞ സോപ്പോ ലോഷനോ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. കടലമാവ്, പയറുപ്പൊടി, സ്ക്രബർ ഉപയോഗിക്കാതിരിക്കുക. കുളി കഴിഞ്ഞ്, ഈർപ്പം പോകുന്നതിന് മുൻപേ മോയിസ്ചറൈസർ പുരട്ടുന്നത് നല്ലതാണ്.
രോമം നീക്കം ചെയ്യാനൊരുങ്ങും മുൻപ് മോയിസ്ചറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചർമത്തിൽ മോയിസ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതും നല്ലതാണ്. സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ് മറ്റൊരു വഴി. സൂര്യപ്രകാശം ചർമത്തെ കൂടുതൽ വരണ്ടതാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് തടയാൻ സൺസ്ക്രീനിന് സാധിക്കും. ആൽക്കഹോൾ അടങ്ങാത്ത ക്ലെൻസറുകളും ടോണറുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
മുഖത്തെ വരൾച്ചയും മൊരിയും മാറാനായി ഒലിവ് എണ്ണ ഉപയോഗിക്കാവുന്നതാണ്. വിറ്റാമിൻ ഇയും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയതിനാൽ മികച്ച ഓപ്ഷനാണ്. മുഖക്കുരുവിനെ പ്രതിരോധിക്കാനും ഇത് നല്ലതാണ്. അവക്കാർഡോ അരച്ച് ഒരു സ്പൂൺ തേനും മഞ്ഞളും ചേർത്ത് പുരട്ടാം. പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നതും നല്ലതാണ്. വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആഡിഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ആഹാരം പതിവാക്കുന്നതും നല്ലതാണ്. ദിവസവും മൂന്ന് ലിറ്ററോളം വെള്ളം കുടിക്കുന്നതും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.















