ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (RBI) പുതിയ ഗവർണറെ നിശ്ചയിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര (Sanjay Malhotra) പുതിയ ഗവർണറാകും. നിലവിലെ ഗവർണർ (RBI Governor) ശക്തികാന്ത ദാസ് (Shaktikanta Das) വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2024 ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ട്രെയിനിംഗാണ് (DPoT) പുറപ്പെടുവിച്ചത്.
ഡിസംബർ 10-നാണ് ശക്തികാന്ത ദാസ് വിരമിക്കുക. ഭാരതത്തിന്റെ 25-ാമത് ആർബിഐ ഗവർണറായി 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് നിയമിതനായത്. മൂന്ന് വർഷത്തേക്ക് നിയമിതനായ അദ്ദേഹത്തിന് 2021ൽ കാലാവധി നീട്ടിനൽകി. ഉർജിത് പട്ടേലിന്റെ പിൻഗാമിയായിട്ടായിരുന്നു ശക്തികാന്ത ദാസിന്റെ നിയമനം. തമിഴ്നാട് കേഡറിലെ 1980 ബാച്ച് IAS ഓഫീസറാണ് ദാസ്. സാമ്പത്തിക കാര്യ സെക്രട്ടറി, റെവന്യൂ സെക്രട്ടറി, ഫെർട്ടിലൈസർ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ച ശേഷമായിരുന്നു ആർബിഐ സ്ഥാനത്തേക്ക് നിയമിതനായത്. ഇപ്പോൾ അദ്ദേഹം വിരമിക്കുന്ന ഒഴിവിലേക്കാണ് സഞ്ജയ് മൽഹോത്ര എത്തുന്നത്.
ആരാണ് സഞ്ജയ് മൽഹോത്ര?
രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് IAS ഓഫീസറാണ് പുതിയ ഗവർണറാകാൻ പോകുന്ന സഞ്ജയ് മൽഹോത്ര. IIT കാൺപൂരിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിംഗ് ബിരുദം നേടിയിട്ടുള്ള മൽഹോത്ര, അമേരിക്കയിലെ പ്രിൻസെടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം റെവന്യൂ സെക്രട്ടറിയാകുന്നതിന് മുൻപ് ധനകാര്യ മന്ത്രാലയത്തിൽ വിവിധ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്നു.