നടൻ ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശന വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് സോപാനം സ്‌പെഷ്യൽ ഓഫീസർ. മനഃപൂർവ്വമല്ലാത്ത പിഴവ് സംഭവിച്ചെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
‘ഹരിവരാസനം’ പാടുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയിൽ ദർശനത്തിന് വഴിയൊരുക്കിയത്. പത്ത് മിനിറ്റിലേറെ മുൻനിരയിൽ തന്നെ നിന്ന് ദർശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദർശനത്തിനും ക്യൂ നീങ്ങുന്നതിനും തടസം സൃഷ്ടിച്ചെന്നാണ് ആരോപണം. വിവാദത്തിൽ ഹൈക്കോടതിയിൽ നിന്ന് ഉൾപ്പടെ രൂക്ഷവിമർശനമുണ്ടായ സാഹചര്യത്തിൽ നാല് പേർക്കെതിരെ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
ശബരിമലയിൽ ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്തിയാൽ എല്ലാ ഭക്തും ഒരുപോലെയാണെന്നും കോടതി ഓർമിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് വിഐപി ദർശനം നടത്തിയത്.















