തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള 2023 ലെ ജെസി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്. ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംഭവനകൾ പരിഗണിച്ചാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അരവിന്ദന്റെ കുമ്മാട്ടി, ചിദംബരം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായാണ് തുടക്കം. പിന്നീട് സംവിധാന രംഗത്തേക്കും ചുവടുവച്ചു. 1988 ൽ പുറത്തുവന്ന ‘പിറവി’യാണ് ഷാജി എൻ കരുൺ സംവിധാനം ചെയ്ത ആദ്യ ചിത്രം. 70ഓളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട പിറവി നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നേടി. കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ‘സ്വം’, കാനിൽ പ്രദർശിപ്പിക്കപ്പെട്ട ‘വാനപ്രസ്ഥം’ തുടങ്ങി മലയാള സിനിമയെ ആഗോള തലത്തിൽ അടയാളപ്പെടുത്തിയ നിരവധി സിനിമകളുടെ സംവിധയകനാണ്.
കുട്ടിസ്രാങ്ക്, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ. മലയാള സിനിമയിൽ നവ തരംഗത്തിന് തുടക്കം കുറിച്ച സംവിധായകരിൽ ഒരാളാണ് ഷാജി എൻ കരുൺ. നിലവിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായി സേവനമനുഷ്ഠിക്കുകയാണ്. ഷാജി എൻ കരുൺ എന്തുകൊണ്ടും സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.















