മൊബൈൽ ഫോണില്ലാതെ 10 മിനിറ്റ് ചിലവഴിക്കുന്ന കാര്യം പോലും പലർക്കും ചിന്തിക്കാനാവില്ല. എന്നാൽ 8 മണിക്കൂർ മൊബൈൽ ഉപയോഗിക്കാതെയിരുന്ന് ചൈനീസ് യുവതി സ്വന്തമാക്കിയത് ഒരു ലക്ഷത്തിലധികം രൂപയാണ്. തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് ഈ വ്യത്യസ്തമായ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചത്. 8 മണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ വെറുതെയിരിക്കണം. അതായിരുന്നു പ്രധാന നിബന്ധന.
ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെൻ്ററിൽ നടന്ന മത്സരത്തിൽ 100 അപേക്ഷകരിൽ 10 പേരെയാണ് തെരഞ്ഞെടുത്തത്. മൊബൈൽ ഫോൺ, ലാപ്ടോപ്, ഐപാഡ്, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും തന്നെ മത്സരാർത്ഥികൾക്കൊപ്പം അനുവദിക്കില്ല. ഇവർക്കായി പ്രത്യേകം സജ്ജമാക്കിയ ബെഡിൽ 8 മണിക്കൂർ ചെലവഴിക്കണം.
പങ്കെടുക്കുന്നവർക്ക് ഭൂരിഭാഗം സമയവും കിടക്കയിൽ തന്നെ കഴിയേണ്ടി വന്നു. ടോയ്‌ലറ്റ് ഉപയോഗത്തിനായി ഇടവേളകൾ അഞ്ച് മിനിറ്റായി പരിമിതപ്പെടുത്തി. മത്സാരാർത്ഥികൾ ഉറങ്ങാനോ സമ്മർദ്ദത്തിലാവാനോ പാടില്ല. സൂക്ഷ്മമായ വിലയിരുത്തലിനൊടുവിൽ, ഡോങ് എന്ന് പേരുള്ള യുവതി വിജയിയായി. 100ൽ 88.99 മാർക്കാണ് ഇവർക്ക് ലഭിച്ചത്. പരിപാടി ശ്രദ്ധ നേടിയതോടെ സോഷ്യൽ മീഡിയകളിൽ നോ-മൊബൈൽ-ഫോൺ ചലഞ്ച് വ്യാപകമാവുകയാണ്.















