മലപ്പുറം: കാടാമ്പുഴ ദേവി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവിയുടെ പിറന്നാൾ ദിനത്തിൽ ഇലയിൽ വിളമ്പുന്ന സദ്യ ബുഫെ രീതിയിൽ നൽകാനാണ് മലബാർ ദേവസ്വം ബോർഡിന്റെ നീക്കം.
കാടാമ്പുഴ ഭഗവതിയുടെ പിറന്നാൾ ഡിസംബർ 13-നാണ്. തൃക്കാർത്തിക മഹോത്സവത്തിൽ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തും. പതിറ്റാണ്ടുകളായി ഇവിടെ ഇലയിലാണ് സദ്യ നൽകാറുള്ളത്. ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് ദേവസ്വം ബോർഡ് ഇപ്പോൾ നടത്തുന്നത്. സംഭവത്തിൽ വിശ്വാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
സദ്യ ബുഫെ രീതിയിൽ വിളമ്പാനുള്ള നീക്കങ്ങളാണ് ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും വ്യക്തമാക്കുന്നു. ഇതിനെതിരെ ഹൈന്ദവ സമൂഹം വൻ പ്രതിഷേധങ്ങൾക്കൊരുങ്ങുകയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പരിഷ്കാരങ്ങളെന്നാണ് ഭക്തജനങ്ങൾ ചോദിക്കുന്നത്.















