വേദനസംഹാരിയായി നമ്മളിൽ പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ. തലവേദനയോ പനിയോ ജലദോഷമോ അടുത്തുകൂടി പോയാൽ പോലും പാരസെറ്റമോൾ കഴിക്കുന്നവരാണ് പലരും. അതിന്റെ പാർശ്വഫലങ്ങൾ ചിന്തിക്കാതെ താത്കാലിക ആശ്വാസമെന്ന നിലയിലാണ് ഡോക്ടർമാരെ പോലും കാണാതെ സ്വയം ചികിത്സ നടത്തുന്നത്.
എന്നാൽ ശരീരത്തിന്റെ പ്രതിരോധശേഷിയെ അടക്കം സാരമായി ബാധിക്കുന്ന രീതിയിൽ പാരസെറ്റമോളിന് പാർശ്വഫലങ്ങളുണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുമുണ്ട്. അത്തരത്തിൽ അടുത്തിടെ എസ്ടിഎഡിഎ തയ്യാറാക്കിയ ഹെൽത്ത് റിപ്പോർട്ടിലും പാരസെറ്റമോളിന് ഒരു പുതിയ പാർശ്വഫലം കണ്ടെത്തിയിട്ടുണ്ട്.
പാരസെറ്റമോൾ ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് അസിഡിഫിക്കേഷനിലേക്ക് നയിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്. ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ്‌സ് ആൻഡ് മെഡിക്കൽ ഡിവൈസസ് വിദഗ്ധരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മെറ്റബോളിക് അസിഡോസിസ് പാരസെറ്റമോൾ കഴിക്കുന്നവരിൽ കൂടുതലായി കണ്ടുവരുന്നു. രക്തത്തിലെ ഹൈപ്പർ അസിഡിഫിക്കേഷന് ഇത് കാരണമാകുന്നു. വൃക്കരോഗം ഉള്ളവരെയാണ് ഇത് കൂടുതലായും പ്രതികൂലമായി ബാധിക്കുന്നത്.