ജയ്പൂർ : 150 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രാജസ്ഥാനിലെ ദൗസയിലെ കാളിഖാഡ് ഗ്രാമത്തിലാണ് സംഭവം . അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോകുന്നതിനിടെയാണ് ആര്യൻ മീന എന്ന കുട്ടി കുഴൽക്കിണറിൽ വീണത്. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത് .
സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട് . പൈപ്പ് വഴി കുട്ടിയ്‌ക്ക് ഓക്‌സിജൻ എത്തിക്കുന്നുണ്ട് . മാത്രമല്ല കുട്ടിയുടെ അവസ്ഥ നിരീക്ഷിക്കാൻ ബോർവെല്ലിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തു . ആവശ്യമെങ്കിൽ ദേശീയ ദുരന്ത നിവാരണ സേനയെയും സഹായത്തിനായി എത്തിക്കുമെന്ന് ദൗസ ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ പറഞ്ഞു. എംഎൽഎ ദീൻദയാൽ ബർവ , പ്രാദേശിക ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പൊലീസിനൊപ്പം സ്ഥലത്തുണ്ട്.















