മകനും മരുമകൾക്കുമെതിരെ മുതിർന്ന നടൻ പൊലീസിനെ സമീപിച്ചു.തെലുങ്ക് നടൻ മോഹൻ ബാബുവാണ് മകൻ മനോജ് മഞ്ചുവിനും മരുമകൾ മോണിക്കയ്‌ക്കുമെതിരെ പരാതി നൽകിയത്. തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഞായറാഴ്ച ജൽപള്ളിയിലെ അദ്ദേഹത്തിന്റെ വസതിയായ മഞ്ചു ടൗണിൽ അതിക്രമിച്ച് കയറി മകനും കൂട്ടുകാരും ബഹളമുണ്ടാക്കിയതായി പരാതിയിൽ പറയുന്നു. തന്റെ ജീവനും സ്വത്തും ഭീഷണിയുണ്ട്. ഇനി വീട്ടിൽ കാലുകുത്തിയാൽ വെറുതെ വിടില്ലെന്നാണ് ഭീഷണി. വീടും സ്ഥലവും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. മകനും കൂട്ടുകാരും സാമൂഹിക വിരുദ്ധരാണെന്നും നടൻ നൽകിയ പരാതിയിൽ പറഞ്ഞു.
മനോജ് മഞ്ചുവിനും മോണിക്കയ്‌ക്കും കൂട്ടാളികൾക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും തന്റെ സ്വത്തിൽ നിന്ന് അവരെ ഒഴിപ്പിക്കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.
മോഹൻ ബാബു സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ് നടൻ. നേരത്തെ, പിതാവ് ആക്രമിച്ചതായി ആരോപിച്ച് മകനും പൊലീസിനെ സമീപിച്ചിരുന്നു. മകന്റെ 7 മാസം പ്രായമുള്ള കുഞ്ഞ് നടന്റെ സംരക്ഷണയിലാണ് കഴിയുന്നത്.















