അടുപ്പത്ത് എന്തെങ്കിലും വച്ചാൽ അത് തിളച്ചുപോവുന്നതും തുടർന്ന് വൃത്തികേടായ സ്റ്റൗ തുടച്ച് സമയം പോകുന്നതൊക്കെ അടുക്കളയിൽ പതിവുകാഴ്ചയാണ്. എന്തെങ്കിലും തിളപ്പിക്കാൻ വച്ചതിന് ശേഷം പാത്രത്തിൽ തന്നെ നോക്കി നിൽക്കുന്നവരാണ് ഭൂരിപക്ഷവും. തിള വരാതാകുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാൻ ഒരു നിമിഷത്തേക്ക് മാറും. പാത്രം കഴുകാനോ, എന്തെങ്കിലും അരിയാനോ പോകുന്ന ഈ ഗ്യാപ്പിൽ സംഗതി തിളച്ചുതൂവി ഒഴുകി, ഇരട്ടിപ്പണിയുമാകും. എപ്പോഴത്തേയും പോലെ വീണ്ടും പാത്രം മാറ്റിവച്ച്, തിളച്ചുപോയതൊക്കെ ക്ലീനാക്കി വെക്കും. എന്നാൽ ഈ ഇരട്ടിപ്പണി ഒഴിവാക്കാൻ ഒരു ടെക്നിക്കുണ്ട്. അതാണ് മരം കൊണ്ടുള്ള സ്പൂൺ (Wooden Spoon).
തിളപ്പിക്കാൻ വച്ചത് എന്തുമായിക്കൊള്ളട്ടേ.. പാലോ, കറികളോ, പയറുവർഗമോ എന്തും.. തിളച്ചുകഴിഞ്ഞാൽ പുറത്തേക്ക് ഒഴുകാൻ സാധ്യതയുണ്ടെങ്കിൽ പാത്രത്തിന് മുകളിൽ ഒരു സ്പൂൺ വച്ചാൽ മതി. അത് മരത്തടി കൊണ്ടുള്ള സ്പൂൺ ആകണമെന്ന് മാത്രം. പാത്രത്തിന് കുറുകെ ആയി വേണം സ്പൂൺ വെക്കാൻ. വൃത്തത്തിന് വ്യാസം വരയ്‌ക്കുന്നത് പോലെ.. അത്യാവശ്യം നല്ല വീതിയുള്ള സ്പൂൺ വെക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്താൽ ഒട്ടുമിക്ക സന്ദർഭങ്ങളിലും നിങ്ങൾക്ക് സമയവും അദ്ധ്വാനവും ലഭിക്കാം.
എന്തുകൊണ്ട് ‘വുഡൻ സ്പൂൺ’ തിളച്ചുതൂവുന്നത് തടയുന്നു?
പാത്രത്തിന് കുറുകെ മരം കൊണ്ടുള്ള സ്പൂൺ വെക്കുമ്പോൾ തിളച്ചുവരുന്ന ദ്രാവകത്തിന്റെ കുമിളകൾ സ്പൂണിൽ തട്ടി പൊട്ടിപ്പോകും. ഇതോടെ പാത്രത്തിന് പുറത്തേക്ക് ഒഴുകുന്നത് തടയപ്പെടും. എന്നാൽ മറ്റേതെങ്കിലും മറ്റീരിയൽ ഉപയോഗിച്ചുള്ള സ്പൂൺ ആണെങ്കിൽ പാത്രത്തിന് കുറുകെ വെക്കുന്നതോടെ സ്പൂണും ചൂടാകും. ചൂട് കയറി പഴുത്ത് പരുവമാകുകയും ചെയ്യും. മരത്തിന്റെ സ്പൂൺ ആകുമ്പോൾ അത് ചൂടിനെ പൊതുവെ ആകർഷിക്കില്ല. സ്പൂണിൽ ഒരു ജലാംശവും ഉണ്ടാകും. അതിനാൽ തിളച്ചുപൊന്തുന്ന ദ്രാവകത്തെ പിടിച്ചുനിർത്താൻ മരത്തിന്റെ സ്പൂണിന് സാധിക്കുന്നു.
എന്നാൽ വുഡൻ സ്പൂൺ വച്ചാലും ചിലപ്പോഴൊക്കെ പണി പാളിയേക്കാം. ഉദാഹരണമായി, നിങ്ങളുടെ ‘വുഡൻ സ്പൂൺ’ ആവശ്യത്തിന് വീതിയില്ലെങ്കിൽ സൂത്രവിദ്യ ഫ്ലോപ്പാകും. അതുമല്ലെങ്കിൽ ഹൈ-ഫ്ലെയിമിലാണ് തീ വച്ചിരിക്കുന്നതെങ്കിലും തിളച്ചുപോകുന്നത് തടയാൻ സ്പൂണിന് കഴിയില്ല. അതുകൊണ്ട് സ്റ്റൗവിന് മുൻപിൽ നിന്ന് മാറുമ്പോൾ തീയുടെ അളവ് കുറയ്‌ക്കാൻ മറക്കരുത്. ഒപ്പം വീതിയുള്ള സ്പൂണും ഉപയോഗിക്കുക.