തിരുവനന്തപുരം: ഭാരതീയരുടെ രക്തംചൊരിഞ്ഞ് ഉണ്ടായ രാജ്യമാണ് ബംഗ്ലാദേശെന്ന് മുൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ. ബംഗ്ലാദേശ് ഭരണകൂടം ജനങ്ങൾക്കെതിരെ തിരിയുന്നതിൽ ഭാരതത്തിന് ഇടപെടാൻ അവകാശമുണ്ടെന്നും ടി.പി. ശ്രീനിവാസൻ പറഞ്ഞു.
മുഷ്യാവകാശ ദിനത്തിൽ ലോക ഭാരതീയ വിചാരകേന്ദ്രം ഹാളിൽ സംഘടിപ്പിച്ച ‘ബംഗ്ലദേശ് മതന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വമാനവികതയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.
” ഞാനുൾപ്പെടെയുള്ള നയതന്ത്രജ്ഞരും ബംഗ്ലാദേശിന്റെ രൂപീകരണകാലത്ത് പൂർണപിന്തുണയോടെ പ്രവർത്തിച്ചിരുന്നു. നാം വിചാരിച്ചത് ആ ജനത മുഴുവൻ നമ്മുടെ നാടിന്റെ സുഹൃത്തുക്കളാകുമെന്നായിരുന്നു. എന്നാൽ 71 ലെ യുദ്ധത്തിൽ പാകിസ്താൻ തോറ്റപ്പോഴും ബംഗ്ലാദേശ് മതരാജ്യമല്ലാതായി മാറിയതിലും വേദനയുള്ളവർ അവിടെ ഉണ്ടായിരുന്നിരിക്കാം.”- ഡോ.ടി.പി.ശ്രീനിവാസൻ പറഞ്ഞു.
കുറച്ചുകാലംകൊണ്ട് അവിടെ ഉണ്ടായ മാറ്റം നിരാശാജനകമാണ്. സമാധാനത്തിനുള്ള നോബേൽസമ്മാനം ലഭിച്ച മുഹമ്മദ് യൂനുസ് ഇങ്ങനെയൊരു രാക്ഷസനായി മാറിയതെങ്ങിനെയെന്ന് മനസിലാകുന്നില്ല. ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. പിന്നിലുള്ളത് ഹിന്ദുവിരോധവും ഇന്ത്യാ വിരോധവുമാണ്. ഭാരതവുമായുള്ള രക്തബന്ധം ബംഗ്ലാദേശ് തിരിച്ചറിയപ്പെടുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ പരിപാടിയിൽ അദ്ധ്യക്ഷനായി. പ്രാന്തബൗദ്ധിഖ്‌പ്രേമുഖ് പി. ഉണ്ണികൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ബംഗ്ലാദേശിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അരക്ഷിത കാലാവസ്ഥയിൽ റാഡിക്കൽ ഇസ്ലാമിസ്റ്റുകൾ പൊതുസമൂഹത്തിനും ന്യൂനപക്ഷങ്ങൾക്കുമെതിരെ രംഗത്തുവരുന്ന പൊതുസ്വഭാവമാണെന്നും രാഷ്‌ട്രീയ നിരീക്ഷകൻ ഡോ.മോഹൻ വർഗീസ് പറഞ്ഞു. രൂപീകരണകാലത്ത് ബംഗ്ലാദേശിൽ 22 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കൾ 7.96 ശതമാനമായി കുറഞ്ഞെന്നും ജമാഅത്തെ ഇസ്ലാമി വരയ്‌ക്കുന്ന വരയിലൂടെയാണ് മുഹമ്മദ് യൂനൂസ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ന്യൂനപക്ഷ സ്നേഹം പറയുന്നവർ തൊട്ടയൽ രാജ്യങ്ങളിൽ നടക്കുന്ന പീഡനം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇത് രാഷ്‌ട്രീയ കക്ഷികളുടെയും ചില മതങ്ങളുടെയും കാപട്യമാണെന്നും രാഷ്‌ട്രീയ നിരീക്ഷകൻ ഡോ. മുഹമ്മദ് ഫക്രുദ്ദീൻ അലി പറഞ്ഞു. അന്യമത വിദ്വേഷത്തിലധിഷ്ഠിതമായ മതാധിപത്യമാണ് അപകടം. ബംഗ്ലാദേശിലെയും പാകിസ്താനിലെയും ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും കരച്ചിൽ നമുക്കുള്ളിൽ പിടച്ചിലാകണമെന്നും പ്രതിഷേധം തെരുവുകളിലേക്കെത്തിയാലേ പരിഹാരമാകൂവെന്നും ഫക്രുദ്ദീൻ അലി പറഞ്ഞു.
ബംഗ്ലാദേശും പശ്ചിമ ബംഗാളും യോജിപ്പിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജനം ടിവി മാനേജിംഗ് അഡൈ്വസർ ജി.കെ.സുരേഷ്ബാബു പറഞ്ഞു. സെമിനാറിനു ബംഗ്ലാദേശ് ന്യൂനപക്ഷ ഐക്യദാർഢ്യ സമിതി ഭാരവാഹികൾ ആയ അഖിലേഷ് വിസി സ്വാഗതവും സജിത്ത് നന്ദിയും രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ന്യൂന പക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരും അന്തരാഷ്ട മനുഷ്യവകാശ സംഘടനകളും ഉടൻ ഇടപെടണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.















