തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 44,262 പുരുഷന്മാരും 49,191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93,454 പേരാണ് വോട്ട് ചെയ്തതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
102 സ്ഥാനാർത്ഥികളാണ് ആകെ ജനവിധി തേടിയത്. ഇതിൽ 50 പേരും സ്ത്രീകളാണ്. അടുത്തിടെ ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ നടന്നതിനാൽ ഇടതുകയ്യിലെ ചൂണ്ടുവിരലിന് പകരം വോട്ടുചെയ്തവരുടെ നടുവിരലിലാണ് മഷി പുരട്ടിയത്.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ്, പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡ്, മൂന്ന് മുനിസിപ്പാലിറ്റി വാർഡ്, 23 ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കായി ഡിസംബർ 10ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തുവരിക. വോട്ടെണ്ണൽ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും.















