ശബരിമല: അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് തയ്യാറാക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, ആറ് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂ്ക്കങ്ങളിലായി അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് വിൽപ്പനയ്‌ക്ക് എത്തുന്നത്. മണ്ഡലകാലം കഴിയുന്നതിന് മുൻപ് തന്നെ ലോക്കറ്റുകൾ വിൽപ്പനയ്‌ക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലോക്കറ്റ് നിർമ്മാണത്തിനുള്ള താൽപ്പര്യപത്രം ക്ഷണിച്ചതിൽ പ്രമുഖ സ്വർണവ്യാപാരശാലകൾ പങ്കെടുത്തിരുന്നു.
ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ലോക്കറ്റ് നിർമാണവും വിതരണവും ഏത് സ്ഥാപനത്തെ ഏൽപ്പിക്കുമെന്ന് തീരുമാനിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് ഗുരുവായൂരപ്പന്റെ ലോക്കറ്റ് ഇറക്കിയിരുന്നു. ഇതേ മാതൃകയിൽ ശബരിമലയിലും ലോക്കറ്റ് വിൽക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ക്ഷേത്രത്തിൽ ഇന്നും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശരംകുത്തി വരെ ഭക്തരുടെ ക്യൂ നീണ്ടിരുന്നു.
തീർത്ഥാടനകാലത്ത് വിന്യസിക്കാനൊരുങ്ങുന്ന രണ്ട് മൊബൈൽ ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ ഫ്‌ളാഗ്ഓഫ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് ഈ പ്ലാന്റുകൾ ഉപയോഗിക്കുക. ഇതിന് പുറമെ രണ്ട് മൊബൈൽ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ കൂടി ഡിസംബർ 15ഓടെ ശബരിമലയിൽ എത്തിക്കും. പമ്പ, നിലയ്‌ക്കൽ, എരുമേലി എന്നിവിടങ്ങളിലായി ഈ മൊബൈൽ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ വിന്യസിക്കും. അമൃത്പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ എംടിയുകൾ ശബരിമലയിൽ എത്തിക്കുന്നത്.