ലക്നൗ: യുപിയിൽ മസ്ജിദിനോട് ചേർന്ന് കെട്ടിപൊക്കിയ അനധികൃത നിർമ്മിതി ജില്ലാ ഭരണകൂടം പൊളിച്ചു മാറ്റി. ഫത്തേപൂർ ജില്ലയിൽ ബന്ദ-ബഹ്റൈച്ച് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന നൂറി ജുമാമസ്ജിദിന്റെ ഒരു ഭാഗമാണ് പൊളിച്ച് നീക്കിയത്.
185 വർഷം പഴക്കമുള്ള മസ്ജിദിനോട് ചേർന്നുള്ള റവന്യൂഭൂമി കയ്യേറി മൂന്ന് വർഷം മുമ്പാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഹൈവ വികസനത്തിന് തടസ്സമായതോടെ ഓഗസ്റ്റ് 17 ന് ജില്ലാ ഭരണകൂടം നിർമ്മിതി പൊളിച്ച് മാറ്റാൻ മസ്ജിദ് മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിരുന്നു.
ബന്ദ-ബഹ്റൈച്ച് ഹൈവേയുടെ വീതികൂട്ടലിന് തടസ്സമായ നൂറി മസ്ജിദിന്റെ 20 മീറ്ററോളം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയതായി എഡിഎം അവിനാശ് ത്രിപാഠി പറഞ്ഞു. ഹൈവയോട് ചേർന്നുളള അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മസ്ജിദ് മാനേജ്മെൻ്റ് ഉൾപ്പെടെ 139 സ്ഥാപനങ്ങൾക്ക് ഓഗസ്റ്റിൽ നോട്ടീസ് നൽകിയിരുന്നു. മൂന്ന് വർഷം മുമ്പാണ് നിർമ്മാണം നടന്നതെന്ന് ചരിത്ര രേഖകളിൽ നിന്നും ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. റവന്യൂഭൂമി കയ്യേറി നിർമ്മിച്ച ഭാഗം മാത്രമാണ് നീക്കം ചെയ്തതെന്നും ത്രിപാഠി പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിനെയും ദ്രുതകർമ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.