ന്യൂഡൽഹി: നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഡൽഹി- മീററ്റ് റോഡിൽ നിന്നാണ് മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും ബസിനസ് പങ്കാളിയുമായ ശിവം പറഞ്ഞു. അക്ഷയ് കുമാർ നായകനായി എത്തിയ വെൽക്കം, സ്ത്രീ 2 തുടങ്ങി സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് മുഷ്താഖ് ഖാൻ.
നവംബര്‍ 20-നാണ് നടനെ തട്ടിക്കൊണ്ടുപോയതെന്നാണ് ശിവം യാദവ് പറയുന്നത്. ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനെന്ന തരത്തിലായിരുന്ന തട്ടിപ്പ് സംഘം നടനുമായി ബന്ധപ്പെട്ടത്. തുടർന്ന് ഫ്‌ളൈറ്റ് ടിക്കറ്റ് അയച്ചുകൊടുക്കുകയും അഡ്വാൻസ് പേയ്‌മെന്റ് നൽകുകയും ചെയ്തിരുന്നു. ഇതുപ്രകാരം രാത്രി മുഷ്താഖ് ഡൽഹി വിമാനത്താവളത്തിലെത്തി. ഇവിടെ കാത്തുനിന്ന തട്ടിപ്പ് സംഘം പരിപാടിക്കെന്ന തരത്തിൽ അദ്ദേഹത്തെ കാറിൽ കയറ്റി വിജനമായ സ്ഥലത്തെത്തിക്കുകയായിരുന്നു.
12 മണിക്കൂറോളം പണം ആവശ്യപ്പെട്ട് മുഷ്താഖിനെ അക്രമികൾ ആക്രമിച്ചു. 1 കോടി രൂപയായിരുന്നു മോചനദ്രവ്യമായി ഇവർ ആവശ്യപ്പെട്ടതെന്നും മുഷ്താഖിന്റെ മകന്റെ അക്കൗണ്ടിലുണ്ടായിരുന്ന 2 ലക്ഷം രൂപ ഇവർ കൈക്കലാക്കിയതായും ശിവം പറഞ്ഞു. തുടർന്ന് അക്രമികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട മുഷ്താഖ് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്.
പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും മുഷ്താഖിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. നേരത്തെ ഹാസ്യനടൻ സുനിൽ പാലിനെയും അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. അക്രമികൾ 20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പിന്നീട് 8 ലക്ഷം രൂപ നൽകി അക്രമികളിൽ നിന്നും നടനെ മോചിപ്പിക്കുകയായിരുന്നു.