അയൽവീട്ടിലെ കാര്യങ്ങൾ തിരക്കുക, നിരീക്ഷിക്കുക, ഒളിഞ്ഞുനിന്ന് നോക്കുക, മനസിലാക്കിയതെല്ലാം അൽപം ഊഹാപോഹങ്ങൾ ചേർത്ത് പ്രചരിപ്പിക്കുക. സിനിമകളിൽ കണ്ടുവരാറുള്ള ടിപ്പിക്കൽ സ്ത്രീകഥാപാത്രങ്ങളുടെ സവിശേഷതയാണിത്. എന്നാൽ സൂക്ഷ്മദർശിനിയിലെ വീട്ടമ്മ ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവളുടെ നിരീക്ഷണപാടവവും ബുദ്ധികൂർമ്മതയുമാണ് ചർച്ച ചെയ്യപ്പെട്ടത്. അയൽപ്പക്കത്തേക്കുള്ള ഒളിഞ്ഞുനോട്ടം നല്ല പ്രവണതയല്ലെങ്കിലും പ്രിയദർശിനിയിലെ വീട്ടമ്മയുടെ പ്രവൃത്തികൾ, മാർഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന് വീണ്ടും തെളിയിച്ചു. ഒടുവിൽ സർപ്രൈസ് ഹിറ്റെന്ന പോലെ 50 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു.
ബേസിലും നസ്രിയയും ആദ്യമായി ഒന്നിച്ച ‘സൂക്ഷ്മദർശിനി’ നവംബർ 22നായിരുന്നു തീയേറ്ററുകളിൽ എത്തിയത്. എംസി സംവിധാനം ചെയ്ത ചിത്രം മൂന്നാം വാരം പൂർത്തിയാക്കുമ്പോൾ 150ലധികം സെന്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സൂക്ഷ്മദർശിനിയിലെ പ്രധാന കഥാപാത്രമായ പ്രിയദർശിനിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങൾ അയൽവീട്ടിലെ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നതാണ് സിനിമ. ആദ്യ അരമണിക്കൂറിന് മുൻപ് തന്നെ പ്രേക്ഷകനിൽ കൗതുകം നിറയ്‌ക്കാൻ സൂക്ഷ്മദർശിനിക്ക് കഴിയുന്നു. ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ അവസാന സീൻ വരെയും പ്രേക്ഷകനെ കൊണ്ടുപോകാൻ കഴിഞ്ഞുവെന്നാണ് സിനിമയുടെ വിജയം. ബ്ലാക്ക്-കോമഡി മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രം പ്രായഭേദമന്യേയുള്ള പ്രേക്ഷകരെ ആകർഷിച്ചു.