ന്യൂഡൽഹി: ബിരുദകോഴ്സുകളിലേയ്‌ക്കുള്ള പൊതു പ്രവേശന പരീക്ഷയായ CUET-UG യിൽ പരിഷ്കാരങ്ങൾ വരുത്തി യുജിസി. അടുത്ത അദ്ധ്യായന വർഷം മുതൽ, പന്ത്രണ്ടാം ക്ലാസിൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ ഏത് വിഷയത്തിലും CUET-UG പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കുമെന്ന് യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ പറഞ്ഞു.
യുജിസി രൂപീകരിച്ച വിദഗ്ധ സമിതി നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇനി മുതൽ CUET-UG പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടത്തുക.
അടുത്ത വർഷം മുതൽ 37 വിഷയങ്ങൾക്ക് പകരം 63 വിഷയങ്ങളിൽ പരീക്ഷ നടത്തും. വിദ്യാർത്ഥികൾക്ക് പരമാവധി അഞ്ച് വിഷയങ്ങളില്‍ പരീക്ഷ എഴുതാനാകും. എല്ലാ പരീക്ഷകൾക്കും 60 മിനിറ്റ് ദൈർഘ്യമുണ്ടാകും. പരീക്ഷയിലെ ഓപ്ഷണൽ ചോദ്യങ്ങള്‍ ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി .















