ചെന്നൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ കോച്ചുകൾ ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ലബോറട്ടറിയിൽ പരീക്ഷണങ്ങൾക്ക് വിധേയമാകുമെന്ന് റിപ്പോർട്ട്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് കാലാവസ്ഥ ചേംമ്പർ സജ്ജമാക്കുക. 2026 ജനുവരി 31-ന് മുൻപായി ബുള്ളറ്റ് ട്രെയിൻ കോച്ചുകൾ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.
173 കോടി രൂപ ചെലവിലാണ് ഇത് നടപ്പിലാക്കുകയെന്നാണ് വിവരം. മണിക്കൂറിൽ 250-280 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ ഓടുക. ഇക്കാരണത്താലാണ് കാലാവസ്ഥ ലബോറട്ടറിയിൽ ടെസ്റ്റ് നടത്തുക. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനാണ് (ബിഇഎംഎൽ) ബുള്ളറ്റ് ട്രെയിന്റെ രൂപകൽപനയ്‌ക്കും നിർമാണത്തിനും കമ്മീഷനിംഗിനും കരാർ നൽകിയിട്ടുള്ളത്. രണ്ട് ട്രെയിൻ സെറ്റുകളാകും തദ്ദേശീയമായി നിർമിച്ച് നൽകുക. 867 കോടി രൂപയുടേതാണ് പദ്ധതി. ബിഇഎംഎല്ലാണ് കാലാവസ്ഥ ലബോറട്ടറി സജ്ജമാക്കമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ശൈത്യം, ചൂട്, തണുപ്പ്, മഞ്ഞുവീഴ്ച തുടങ്ങിയ സാഹചര്യങ്ങളിൽ റോളിംഗ് സ്റ്റോക്കും ഘടകങ്ങളും എങ്ങനെ പ്രവർത്തിക്കുമെന്ന് മനസിലാക്കുന്നതിനായാണ് കാലാവസ്ഥ ലബോറട്ടറിയിലെ ക്ലൈമാറ്റിക് ചേമ്പറിൽ ടെസ്റ്റിന് വിധേയമാക്കുന്നത്. ഐസിഎഫിൽ സജ്ജമാക്കുന്ന ലബോറട്ടറിയിൽ റോളിംഗ് സ്റ്റോക്കിന്റെ ഊർജ്ജ ഉപഭോഗം, ചൂടാകാനെടുക്കുന്ന സമയം, വെറ്റിലേഷൻ പ്രവർത്തനങ്ങളും മനസിലാക്കുകയാണ് ലക്ഷ്യം.
ഫ്രാൻസിന് സമാന രീതിയിലുള്ള കാലാവസ്ഥ ലബോറട്ടറിയുണ്ട്. മൈനസ് 45 ഡിഗ്രി സെൽഷ്യസ് മുതൽ 70 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലും അഞ്ച് ശതമാനം മുതൽ 95 ശതമാനം വരെ ഈർപ്പവും ഉള്ള ചേമ്പറിലാണ് ടെസ്റ്റുകൾ നടത്തുന്നത്. 45 മീറ്റർ നീളവും 6 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ളതാണ് ചേമ്പർ.















