ന്യൂഡൽഹി: ബെംഗളൂരുവിൽ ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തെത്തുടർന്ന് ടെക്കി ആത്മഹത്യ ചെയ്ത സംഭവം ഹൃദയഭേദകമാണെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഭർത്താക്കന്മാരിൽ നിന്നും പണം തട്ടിയെടുക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടേത് കപട ഫെമിനിസമാണെന്നും അവർ വിമർശിച്ചു.
വേർപിരിഞ്ഞ ഭാര്യയിൽ നിന്നുള്ള പീഡനം വിശദീകരിക്കുന്ന യുവാവിന്റെ വീഡിയോ ഹൃദയഭേദകമാണെന്ന് കങ്കണ പറഞ്ഞു. “രാജ്യമാകെ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ വീഡിയോ ഹൃദയഭേദകമാണ്. കപട ഫെമിനിസം അപലപനീയമാണ്. കോടിക്കണക്കിന് രൂപയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ സാമ്പത്തിക ശേഷിയേക്കാൾ കൂടുതലാണത്,കടുത്ത സമ്മർദ്ദത്തിൽ മറ്റുവഴികളില്ലാതെയാണ് ബെംഗളൂരുവിലെ യുവാവ് ആത്മഹത്യ ചെയ്തത്” കങ്കണ പറഞ്ഞു.
തെറ്റായ സ്ത്രീയെ മുന്നിൽ നിർത്തി അനുദിനം പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ എണ്ണം നമുക്ക് കാണാതിരിക്കാനാകില്ല. 99 ശതമാനം ഗാർഹികപീഡന കേസുകളിലും കുറ്റക്കാർ പുരുഷന്മാരാണ്. അതുകൊണ്ടാണ് ഇത്തരം പിഴവുകൾ സംഭവയ്‌ക്കാനിടയാകുന്നതെന്നും ബിജെപി എംപി പറഞ്ഞു.
ബെംഗളൂരു ടെക്കിയുടെ ആത്മഹത്യയിൽ മരുമകൾ, കുടുംബാംഗങ്ങൾ, ജഡ്ജി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ ആരോപിച്ച് ടെക്കി അതുൽ സുഭാഷിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താക്കന്മാർക്കെതിരായ വ്യക്തിപരമായ പകപോക്കലിനായി സ്ത്രീകൾ നിയമം ദുരുപയോഗപ്പെടുത്തരുതെന്ന് ഇന്ന് സമാനമായ മറ്റൊരു കേസ് പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞിരുന്നു. ഭർത്താവും കുടുംബവും സ്ത്രീയോട് കാണിക്കുന്ന ക്രൂരതകൾ തടയാനാണ് സെക്ഷൻ 498(A) കൊണ്ടുവന്നത്. എന്നാൽ സ്ത്രീകൾക്ക് നിയമപരിരക്ഷ ലഭിക്കുന്നുണ്ടെന്ന് കരുതി നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് കോടതി താക്കീത് നൽകി.