നാവിൽ കൊതിയൂറുന്ന ലോകത്തിലെ ഏറ്റവും രുചികരമായ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളെക്കുറിച്ച് അറിയാൻ എല്ലാവർക്കും താൽപര്യം ഉണ്ടാകും. പ്രത്യേകിച്ച് ഭക്ഷണപ്രിയർക്ക്. ആ പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ സംസ്ഥാനം.
പഞ്ചാബാണ് പട്ടികയിൽ ഏഴാമതായി ഇടംപിടിച്ച ഇന്ത്യൻ സംസ്ഥാനം. കാമ്പാനിയ (ഇറ്റലി), പെലോപ്പൊന്നീസ് (ഗ്രീസ്) എമിലിയ-റൊമാഗ്‌ന (ഇറ്റലി), സിചുവാൻ (ചൈന) എന്നീ സ്ഥലങ്ങളാണ് ആദ്യ മൂന്ന് സ്ഥാനക്കാർ.
പ്രമുഖ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് അടുത്തിടെ പുറത്തുവിട്ട വർഷാവസാന റാങ്കിംഗ് പട്ടികയിലാണ് ഇന്ത്യൻ സംസ്ഥാനങ്ങൾ ഇടംപിടിച്ചത്. 2024-25 ലെ ലോകത്തിലെ 100 മികച്ച ഭക്ഷണ മേഖലകളുടെ പട്ടികയാണിത്. സമൂഹമാദ്ധ്യമങ്ങളിലും ഇത് ചൂടൻ ചർച്ചയായിക്കഴിഞ്ഞു. ആദ്യ പത്തിൽ പഞ്ചാബ് മാത്രമാണെങ്കിലും പിൻനിരയിൽ കൂടുതൽ ഇന്ത്യൻ സംസ്ഥാനങ്ങൾ ഇടംനേടിയിട്ടുണ്ട്.
അമൃത്സരി കുൽച്ച, ടിക്ക, ഷാഹി പനീർ, തന്തൂരി മുർഗ്, സാഗ് പനീർ എന്നിവയാണ് ടേസ്റ്റ് അറ്റ്ലസ് ശുപാർശ ചെയ്യുന്ന പഞ്ചാബിലെ ചില വിഭവങ്ങൾ. കേസർ ദാ ധാബ (അമൃത്സർ), ഭരവൻ ദാ ധാബ (അമൃത്സർ), ബഡേ ഭായ് കാ ബ്രദേഴ്സ് ധാബ (അമൃത്സർ), ഹവേലി (ജലന്ധർ), ക്രിസ്റ്റൽ റെസ്റ്റോറന്റ് (അമൃത്സർ) എന്നിവയാണ് ഗൈഡ് പരാമർശിച്ച ചില പരമ്പരാഗത പരമ്പരാഗത ഭക്ഷണശാലകൾ.
പഞ്ചാബ് മാത്രമല്ല, മഹാരാഷ്‌ട്ര 41-ാം സ്ഥാനത്താണ്. മിസൽ പാവ്, ആംരാസ്, ശ്രീഖണ്ഡ്, പാവ് ഭാജി തുടങ്ങിയ മഹാരാഷ്‌ട്രയിലെ വിഭങ്ങളാണ് ഭക്ഷണപ്രേമികൾ ഇഷ്ടപ്പെടുന്നത്. പശ്ചിമ ബംഗാൾ 54-ാം സ്ഥാനത്താണ്. 59-ാം സ്ഥാനം ‘സൗത്ത് ഇന്ത്യ'(ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ)ക്കാണ് നൽകിയിരിക്കുന്നത്. മസാല ദോശ, മദ്രാസ് കറി, ഹൈദരാബാദി ബിരിയാണി തുടങ്ങിയ വിഭങ്ങൾക്കാണ് ജനപ്രീതി കൂടുതൽ.