കൊൽക്കത്ത: ആർജി കാർ ബലാത്സംഗ കൊലപാതക കേസിൽ ഇരയുടെ കുടുംബത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക കേസിൽ നിന്നും പിന്മാറി. അഭിഭാഷക വൃന്ദ ഗ്രോവറാണ് സുപ്രീം കോടതി, കൊൽക്കത്ത ഹൈക്കോടതി, സീൽദാ വിചാരണ കോടതി എന്നിവിടങ്ങളിലെ തന്റെ നിയമസഹായം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ചില ഘടകങ്ങളുടെ ഇടപെടലുകളും സാഹചര്യങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം.
വൃന്ദ ഗ്രോവറിന്റെ ചേംബർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വൃന്ദ ഗ്രോവറുടെ നേതൃത്വത്തിൽ അഭിഭാഷകരായ സൗതിക് ബാനർജിയും അർജുൻ ഗൂപ്തുവും അടങ്ങുന്ന സംഘമാണ് ഇരയുടെ കുടുംബത്തിന് വേണ്ടി 2024 സെപ്റ്റംബർ മുതൽ നിയമസഹായം നൽകുന്നത്.
ചില ഘടകങ്ങളുടെ ഇടപെടലും സാഹചര്യങ്ങളും കണക്കിലെടുത്ത് കേസിൽ നിന്ന് പിന്മാറാൻ വൃന്ദ ഗ്രോവറിന് നിർദ്ദേശം നൽകിയതായും അവർ ഇനി ഇരയുടെ കുടുംബത്തെ പ്രതിനിധീകരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു. തീരുമാനം വിചാരണ കോടതിയെ അറിയിച്ചതായും അഭിഭാഷകരെ കേസിൽ നിന്ന് ഒഴിവാക്കിയതായും ചേംബർ അറിയിച്ചു. എന്നാൽ ഇതിനെപറ്റി യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇരയുടെ പിതാവിന്റെ പ്രതികരണം.
നവംബർ 4 മുതൽ സീൽദാ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിൽ ദിവസേന ഹാജരാകുന്നത് ഉൾപ്പെടെ ഒന്നിലധികം കോടതികളിൽ കുടുംബത്തിനുവേണ്ടി ഇവരാണ് ഹാജരാകുന്നത്. വൃന്ദ ഗ്രോവറും സഹപ്രവർത്തകരും നിയമവും തെളിവുകളും പ്രൊഫഷണൽ നൈതികതയും അനുസരിച്ചാണ് നിയമസേവനം നടത്തിയിരുന്നതെന്നും പ്രസ്താവനയിൽ എടുത്തു പറയുന്നുണ്ട്. രാജ്യം മുഴുവൻ ചർച്ചയായ കേസാണ് ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകം. ഇന്നും പശ്ചിമബംഗാളിൽ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധം അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് അഭിഭാഷകസംഘത്തിന്റെ പിൻമാറ്റം.















