കൊൽക്കത്ത: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ രണ്ടാഴ്ചയ്‌ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി.
എഫ്ഐആറിന്റെ രേഖകൾ, കുഞ്ഞിന്റെ നിലവിലെ ആരോഗ്യാവസ്ഥ, കുടുംബത്തിന് നൽകിയിട്ടുള്ള നഷ്ടപരിഹാരം എന്നിവ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ബംഗാളിൽ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരും അക്രമികളും വർദ്ധിക്കുകയാണെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
കുഞ്ഞ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കേസിൽ 110 പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
നവംബർ 30-ന് കൊൽക്കത്തയിലെ ബുർട്ടോല്ല ഏരിയയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിയ്‌ക്കാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ ഫുട്പാത്തിൽ നിന്നും കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് മുറിവേറ്റതായും ലൈംഗികമായി പീഡനത്തിനിരയായതായും കണ്ടെത്തിയത്.