തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റിൽ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരീക്ഷഭവനായിരിക്കും എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തി നൽകുക. പേര് മാറ്റിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആ വ്യക്തിയുടെ മറ്റ് സർട്ടിഫിക്കറ്റുകളിലും തിരുത്തൽ വരുത്താം.
എസ്എസ്എൽസി ബുക്കിലെ പേര് മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) സർക്കാർ ഭേദഗതി ചെയ്തത്. പേര് മാറ്റി ഗസ്റ്റിൽ വിജ്ഞാപനം ചെയ്താലും സ്കൂൾ രേഖകളിൽ പഴയ പേര് കിടക്കുന്നുവെന്ന് പറഞ്ഞ് എസ്എസ്എൽസി ബുക്കിലെ പേര് പരീക്ഷാഭവൻ മാറ്റി നൽകിയിരുന്നില്ല.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേരിൽ അക്ഷരത്തെറ്റ് തിരുത്താൻ ഗസറ്റ് വിജ്ഞാപനത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പേര് തിരുത്തി നൽകാമെന്ന് 2021-ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ വിധി നടപ്പാക്കാതെ വന്നതോടെ കോടിയലക്ഷ്യ ഹർജി വന്നു. തുടർന്ന് തിരുത്തൽ അനുവദിക്കാമെന്നും ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. ഇതാണ് യാഥാർത്ഥ്യമായിരിക്കുന്നത്.















