ന്യൂഡൽഹി: കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ആണവോർജ്ജ ഉത്പാദന ശേഷി രണ്ടിരട്ടിയായി വർദ്ധിച്ചതായി കേന്ദ്ര ആണവോർജ്ജ വകുപ്പ് മന്ത്രി ജിതേന്ദ്രസിംഗ്. ഉത്‌പാദന ശേഷി 2014 ൽ 4,780 മെഗാവാട്ടായിരുന്നു. 2024 ൽ ഇത് 8,081 മെഗാവാട്ടായി വർദ്ധിച്ചതായി കേന്ദ്രമന്ത്രി ലോക്സഭയെ അറിയിച്ചു.
2031-32 ആകുമ്പോഴേക്കും ആണവോർജ്ജ ഉത്പാദന ശേഷി മൂന്നിരട്ടിയാക്കും. അതായത് ഉത്പാദനം 22,480 മെഗാവാട്ടായി ഉയരും. ഇത് ആണവോർജ്ജ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് ആണവോർജ്ജ പദ്ധതികൾ നിലവിൽ നിർമ്മാണത്തിലാണെന്നും മറ്റുള്ളവ പ്രാരംഭ ഘട്ടത്തിലാണെന്നും ജിതേന്ദ്ര സിംഗ് ലോക്സഭയെ അറിയിച്ചു.
ഇന്ത്യയുടെ വൈദ്യുതി വിതരണ ചട്ടക്കൂട് പരിഷ്കരിക്കുന്നതിനാണ് ആണവോർജ്ജ മന്ത്രാലയം ഊന്നൽ നൽകുന്നത്. അറ്റോമിക് പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിഹിതം ഇത് പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് 50% ആക്കി. അയൽ സംസ്ഥാനങ്ങൾക്ക് 35 ശതമാനവും 15 ശതമാനം ദേശീയ ഗ്രിഡിനും അനുവദിച്ചു. ഈ പുതിയ ഫോർമുല തുല്യമായ വിഭവവിതരണം ഉറപ്പാക്കുന്നു. 10 ആണവ റിയാക്ടറുകളുടെ അംഗീകാരം, വർദ്ധിച്ച ഫണ്ടിങ് വിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സഹകരണം, പരിമിതമായ സ്വകാര്യമേഖലാ പങ്കാളിത്തം എന്നിവയുൾപ്പെടെ നിരവധി പരിവർത്തന സംരംഭങ്ങളാണ് ആണവോർജ്ജ ഉത്പാദനത്തിൽ പുരോഗതിക്ക് കാരണമെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു.















