ചമ്മന്തി എല്ലാവരുടെയും പ്രിയപ്പെട്ടതായിരിക്കും. രാവിലെ ഇഡ്ഡലിക്കൊപ്പമാണെങ്കിൽ ഉച്ചയ്‌ക്കോ വൈകിട്ടോ ചോറിനും കഞ്ഞിക്കുമൊപ്പമാകും. തേങ്ങയും മുളകും പുളിയും വച്ച് വെറുതെ മിക്സിയിൽ അരച്ചെടുക്കാതെ അൽപം വ്യത്യസ്തമായ രീതിയിൽ രുചിയേറും തേങ്ങ ചമ്മന്തി ഉണ്ടാക്കിയാലോ? അതും ചുട്ടരച്ച ചമ്മന്തി.. റെസിപ്പി ഇതാ..
ചേരുവകൾ
- ഒരു മുറി തേങ്ങ
- എട്ട് വറ്റൽ മുളക്
- അഞ്ച് ചുവന്നുള്ളി
- ചെറുനാരങ്ങ വലുപ്പത്തിൽ പുളി
- ചെറിയ കഷ്ണം ഇഞ്ചി
- കറിവേപ്പിലയും ഉപ്പും ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ നേരിട്ട് അടുപ്പിലോ ഗ്യാസിലോ നേരിട്ട് തീയിൽ ചുട്ടെടുക്കണം. വറ്റൽ മുളക്, ചുവന്നുള്ളി എന്നിവയും ഇതേ രീതിയിൽ ചുട്ടെടുക്കണം. ഇതിനൊപ്പം ഇഞ്ചി, കറിവേപ്പില, കുരു കളഞ്ഞ വാളം പുളി എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുത്താൽ സ്വാദൂറും ചുട്ടരച്ച ചമ്മന്തി തയ്യാർ.















